ന്യൂദല്‍ഹി: സ്‌കൂള്‍ ഉദ്ഘാടന ചടങ്ങിനിടെ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി കരഞ്ഞ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത മനീഷ് സിസോദിയ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയിലിലാണ്.
ബവാനയിലെ സ്പെഷ്യലൈസ്ഡ് എക്സലന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വികാരാധീനനായത്. ‘മനീഷ് സിസോദിയയാണ് ഈ സ്‌കൂള്‍ ആസൂത്രണം ചെയ്തത്. ഇന്ന് ഞാന്‍ മനീഷ് സിസോദിയാജിയെ വല്ലാതെ മിസ് ചെയ്യുന്നു.
ഞങ്ങള്‍ പിന്തുടരുന്ന ഈ സ്വപ്നം അദ്ദേഹത്തിന്റേതായിരുന്നു. (വിതുമ്പലടക്കാന്‍ പാടുപെടുന്നു, കണ്ണീര്‍ തുടയ്ക്കുന്നു) ഇവിടുത്തെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ സിസോദിയ അശ്രാന്തമായി പരിശ്രമിച്ചു. വിദ്യാഭ്യാസ വിപ്ലവം ഇല്ലാതാക്കാന്‍ ബി.ജെ.പി. ശ്രമിക്കുകയാണ്.
അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാതെ ഇനി പിന്നോട്ടിട്ടില്ല,’ കെജ്‌രിവാള്‍ പറഞ്ഞു. ഈ സമയം സദസിലിരുന്ന് മുദ്രാവാക്യങ്ങളും കൈയടികളുമായി നിരവധി സഹപ്രവര്‍ത്തകര്‍ പിന്തുണയറിയിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
സിസോദിയയുടെ സ്വപ്ന പദ്ധതികളുമായി ഞങ്ങള്‍ മുന്നോട്ടു പോകുമെന്നും ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ‘അത് അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. അദ്ദേഹം ജയിലില്‍ നിന്ന് ഉടന്‍ പുറത്തുവരും. സത്യത്തെ ഒരിക്കലും അടിച്ചമര്‍ത്താനാകില്ല.
ദല്‍ഹി സര്‍ക്കാരിന്റെ വിജയം ബി.ജെ.പി. സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ല. ബവാനയിലെ സ്‌കൂളില്‍ 50 ഹൈടെക് ക്ലാസ് മുറികളുണ്ട്. എട്ട് ലാബുകളും രണ്ട് ലൈബ്രറികളും എയര്‍കണ്ടീഷന്‍ ചെയ്ത മള്‍ട്ടി പര്‍പ്പസ് ഹാളുമുണ്ട്.
ഞാന്‍ മുമ്പ് ബവാന സന്ദര്‍ശിക്കുകയും താമസക്കാരുമായി ഇടപഴകുകയും ചെയ്തപ്പോഴെല്ലാം അവര്‍ പറയുമായിരുന്നു, ഈ പ്രദേശത്തെ ഗേള്‍സ് സ്‌കൂള്‍ ശോച്യാവസ്ഥയിലാണെന്ന്. അത് ശരിയാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഇന്ന് ഇരട്ട വാഗ്ദാനങ്ങളാണ് നിറവേറുന്നത്.
നിങ്ങള്‍ക്ക് ഒരു സ്‌കൂളല്ല, പകരം രണ്ട് സ്‌കൂളുകളാണ് ലഭിക്കുന്നത്. അതിലൊന്നാണ് അംബേദ്കര്‍ സ്‌കൂള്‍ ഓഫ് സ്പെഷ്യലൈസ്ഡ് എക്സലന്‍സ്. നേരത്തെ ഗേള്‍സ് സ്‌കൂളായിരുന്ന ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കും. ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ് ആം ആദ്മി പാര്‍ട്ടി നല്‍കുന്നത്,’ കെജ്‌രിവാള്‍ പറഞ്ഞു.