ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ തടവിലാക്കാന്‍ സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കാത്തതില്‍ കേന്ദ്രം തന്നോട് പക വീട്ടുകയായിരുന്നുവെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കേന്ദ്രം തന്നെ മനപൂര്‍വ്വം പോകാന്‍ അനുവദിക്കാതിരുന്നതാണെന്നും താനിന്ന് കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേരാനിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഇന്ന് കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി അതിര്‍ത്തിയിലേക്ക് പോകാനിരുന്നതാണ്. മുഖ്യമന്ത്രിയായല്ല, ഒരു സാധാരണമനുഷ്യനെന്ന നിലയില്‍. ഞാന്‍ പോകുമെന്നറിഞ്ഞ് കേന്ദ്രം എന്നെ മനപൂര്‍വ്വം പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്നതാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.
കര്‍ഷകസമരം കേന്ദ്രത്തെ വെട്ടിലാക്കിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ആം ആദ്മി പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് കെജ്രിവാളിന്റെ നാടകമാണെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.
എന്നാല്‍ കെജ്രിവാളിനെ കാണാന്‍ ജനങ്ങളെ അനുവദിക്കാത്തത് അദ്ദേഹം വീട്ടുതടങ്കലിലാണെന്നതിന്റെ തെളിവല്ലേയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മന്ത്രിയുമായ മനീഷ് സിസോദിയ പ്രതികരിച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടു തടങ്കലിലാക്കിയില്ലെന്ന ബി.ജെ.പി നേതാക്കളുടെയും ദല്‍ഹി പൊലീസിന്റെയും വാദത്തിന് പിന്നാലെയാണ് സിസോദിയയുടെ പ്രതികരണം.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലില്‍ ആക്കിയതിന് പിന്നലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. യു.പിയിലെ വീട്ടില്‍ നിന്നും കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങവേയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇടത് നേതാക്കളെയും പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചത്തീസ്ഗഡ് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക