| Wednesday, 6th April 2022, 5:18 pm

'റംസാന്റെ ഭാഗമായി മുസ്‌ലിം ജീവനക്കാര്‍ക്ക് നേരത്തെ ജോലിയവസാനിപ്പിക്കാം' ഉത്തരവ് പിന്‍വലിച്ച് ദല്‍ഹി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റംസാന്‍ മാസത്തില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് നേരത്തെ ജോലിയവസാനിപ്പിച്ച് വീട്ടില്‍ പോകാം എന്ന ഉത്തരവ് പിന്‍വലിച്ച് ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി). വ്രതമെടുക്കുന്ന മുസ്‌ലിം ജീവനക്കാര്‍ക്ക് നേരത്തെ പോകാം എന്ന ഉത്തരവാണ് ബുധനാഴ്ച പിന്‍വലിച്ചത്.

ഏപ്രില്‍ മൂന്ന് മുതല്‍ മെയ് രണ്ട് വരെയായിരുന്നു റംസാന്‍ പ്രമാണിച്ച് മുസ്‌ലിം ജീവനക്കാര്‍ക്ക് ജോലിയിളവ് നല്‍കിയിരുന്നത്.

എന്നാല്‍, ഇതൊരു മതേതര നിലപാടല്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായ് ഇളവ് റദ്ദാക്കി ഉത്തരവിട്ടത്. ‘അടിയന്തര പ്രാബല്യത്തോടെ പിന്‍വലിക്കുന്നു’ എന്നാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘മുസ്‌ലിം ജീവനക്കാര്‍ക്ക് 4.30ന് ജോലി അവസാനിപ്പിക്കുന്നതിന് അനുവാദം നല്‍കുന്ന ഉത്തരവിനെ കുറിച്ച് എന്‍.ഡി.എം.സി ചെയര്‍മാനോടും കോമ്പീറ്റന്റ് അതോറിറ്റിയോടും സംസാരിക്കുകയുണ്ടായി. ഉടന്‍ തന്നെ ആ ഉത്തരവ് പിന്‍വലിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കിയതിനെ കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. മതേതര കാഴ്ചപ്പാടുകള്‍ക്ക് എതിരായതിനാല്‍ ഞാന്‍ ആ ഉത്തരവിനെ എതിര്‍ക്കുകയാണ്,’ സതീഷ് ഉപാധ്യായ് പറഞ്ഞു.

ചൊവ്വാഴ്ച ദല്‍ഹി ജല്‍ ബോര്‍ഡും (ഡി.ജെ.ബി) ഇതിന് സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു.

മുസ്‌ലിം ജീവനക്കാര്‍ക്ക് റംസാന്‍ സമയത്ത് രണ്ട് മണിക്കൂര്‍ ജോലിയില്‍ നിന്നും ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയായിരുന്നു.

ഈ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു.

Content highlight:  Delhi civic body withdraws order allowing Muslim staff to leave early during Ramzan

We use cookies to give you the best possible experience. Learn more