| Wednesday, 27th March 2024, 7:03 pm

കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഇ.ഡിക്ക് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യ നയക്കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല. ഇ.ഡി കസ്റ്റഡിയില്‍ നിന്ന് ഉടനെ വിട്ടയക്കണമെന്ന കെജ്‌രിവാളിന്റെ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. ഹരജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു കെജ്‌രിവാളിന്റെ വാദം. ആയതിനാല്‍ ഇ.ഡിയുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നായിരുന്നു കെജ്‌രിവാള്‍ പ്രധാന ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതുപ്രകാരം ജാമ്യമല്ല വേണ്ടതെന്നും കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കണമെന്നും ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ ഒരു ഇടക്കാല ഹരജിയും കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.

അതേസമയം അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഇ.ഡിക്ക് ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസില്‍ മറുപടി നല്‍കാന്‍ ഇ.ഡിക്ക് ഏപ്രില്‍ രണ്ട് വരെ കോടതി സമയം നല്‍കി.

ഹരജിയില്‍ പത്ത് പേജുള്ള ഉത്തരവാണ് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പുറപ്പെടുവിച്ചത്. പ്രധാന ഹരജിയില്‍ നോട്ടീസ് നല്‍കുമെന്നും ഇടക്കാലാശ്വാസം സംബന്ധിച്ച ഹരജികളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് സ്വര്‍ണ സൂചിപ്പിച്ചിരുന്നു.

കെജ്‌രിവാളിന്റെ റിമാന്‍ഡ് വ്യാഴാഴ്ച അവസാനിക്കും. നാളെ മുഖ്യമന്ത്രിയെ ദല്‍ഹിയിലെ റൂസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.

Content Highlight: Delhi Chief Minister Arvind Kejriwal, who was arrested in the liquor policy case, has no interim relief

We use cookies to give you the best possible experience. Learn more