അരവിന്ദ് കെജ്‌രിവാള്‍ ഹിന്ദു വിരുദ്ധനെന്ന് ഗുജറാത്തില്‍ പോസ്റ്ററുകള്‍; കന്‍സയുടെ സന്തതികളെ ഇല്ലായ്മ ചെയ്യാനാണ് ദൈവം തന്നെ നിയോഗിച്ചതെന്ന് മറുപടി
national news
അരവിന്ദ് കെജ്‌രിവാള്‍ ഹിന്ദു വിരുദ്ധനെന്ന് ഗുജറാത്തില്‍ പോസ്റ്ററുകള്‍; കന്‍സയുടെ സന്തതികളെ ഇല്ലായ്മ ചെയ്യാനാണ് ദൈവം തന്നെ നിയോഗിച്ചതെന്ന് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 8:21 pm

വഡോദര: വിദ്വേഷത്തില്‍ അന്ധരായ ബി.ജെ.പി ദൈവങ്ങളെ പോലും അപമാനിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തിലെ വഡോദരയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ(എ.എ.പി) പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

ബി.ജെ.പിക്കാര്‍ പറയുന്നത് ഞാന്‍ ഹിന്ദു വിരുദ്ധനാണെന്നാണ്. എന്നാല്‍ ഞാന്‍ ജനിച്ചത് കൃഷ്ണ ജന്മാഷ്ടമി ദിനത്തിലാണ്. കന്‍സയുടെ സന്തതികളെ ഇല്ലായ്മ ചെയ്യാനാണ് ദൈവം തന്നെ നിയോഗിച്ചതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ‘ജയ് ശ്രീറാം’ വിളിച്ചാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.

അവര്‍(ബി.ജെ.പി) എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നു. അവര്‍ എന്നെ വെറുക്കുന്നു. അതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ പ്രചരണത്തിനായാണ് ശനിയാഴ്ച കെജ്‌രിവാള്‍ ഗുജറാത്തില്‍ എത്തിയത്.

ഇതിന് പിന്നാലെ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ അരവിന്ദ് കെജ്‌രിവാളിനെ ‘ഹിന്ദു വിരുദ്ധന്‍’ എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഹമദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ നഗരങ്ങളിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കെജ്‌രിവാള്‍ പങ്കെടുത്ത പരിപാടിക്ക് മുന്നോടിയായി എ.എ.പി പ്രവര്‍ത്തകര്‍ ഈ ബാനറുകള്‍ നീക്കം ചെയ്തിരുന്നു.

നേരത്തെ ദല്‍ഹിയിൽ ഹിന്ദു മതത്തില്‍ നിന്ന് നിരവധി പേര്‍ ബുദ്ധമതം സ്വീകരിച്ച  പരിപാടിയില്‍ എ.എ.പി മന്ത്രി രാജേന്ദ്ര പല്‍ ഗൗതം പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി എ.എ.പിയെ ലക്ഷ്യമാക്കി ഹിന്ദുവിരുദ്ധ ക്യാമ്പയിനുമായി രംഗത്തെത്തിയത്.