100 കോടി അഴിമതി പണമെവിടെ; വീട്ടില്‍ മന്ത്രിമാര്‍ വരുന്നുവെന്ന മൊഴി അറസ്റ്റിന് കാരണമാകുമോ; ബി.ജെ.പിയെ വെട്ടിലാക്കി കെജ്‌രിവാൾ
national news
100 കോടി അഴിമതി പണമെവിടെ; വീട്ടില്‍ മന്ത്രിമാര്‍ വരുന്നുവെന്ന മൊഴി അറസ്റ്റിന് കാരണമാകുമോ; ബി.ജെ.പിയെ വെട്ടിലാക്കി കെജ്‌രിവാൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2024, 8:33 am

ന്യൂദല്‍ഹി: മദ്യ അഴിമതി കേസിലെ പണകൈമാറ്റത്തെ കുറിച്ച് തുറന്നടിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പിന്നാലെ വെട്ടിലായി ബി.ജെ.പിയും.

കേസില്‍ മാപ്പുസാക്ഷിയായ അഴിമതിക്കേസ് പ്രതി ശരത് റെഡ്ഡി ബി.ജെ.പിക്ക് നല്‍കിയത് 55 കോടി രൂപയാണെന്നും ഇതില്‍ 50 കോടിയുടെ കൈമാറ്റം നടന്നത് ഇ.ഡി അന്വേഷണം ആരംഭിച്ചതിന് ശേഷമാണെന്നും കെജ്‌രിവാൾ കോടതിയില്‍ പറഞ്ഞു. നടന്നത് 100 കോടിയുടെ അഴിമതി ആണെങ്കില്‍ ആ പണം എവിടെപ്പോയി എന്നതാണ് പ്രധാന ചോദ്യമെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു.

തന്റെ വസതിയിലേക്ക് മന്ത്രിമാര്‍ വരാറുണ്ടെന്നും അവരോട് താന്‍ സംസാരിക്കാറുണ്ടെന്നും രേഖകള്‍ കൈമാറുണ്ടെന്നും ഒരാള്‍ മൊഴി നല്‍കിയാല്‍ അത് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണമാകുമോയെന്നും കെജ്‌രിവാൾ കോടതിയോട് ചോദിച്ചു. ഇ.ഡിക്ക് തന്നെ എത്ര കാലം വേണമെങ്കിലും കസ്റ്റഡിയില്‍ വെക്കാമെന്നും ആ നീക്കത്തെ താന്‍ ചോദ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘2022ലാണ് സി.ബി.ഐ മദ്യ നയക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇ.സി.ഐ.ആര്‍ ഫയല്‍ ചെയ്ത് എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി സാക്ഷികളെയാണ് കേസില്‍ ഹരാജരാക്കിയിരിക്കുന്നത്. 25000 പേജുള്ള കുറ്റപത്രവും ഇ.ഡി ഫയല്‍ ചെയ്തു. എന്നിട്ടും ഇതുവരെ ഒരു കോടതിയും ഞാന്‍ കുറ്റം ചെയ്തുവെന്ന് വിധിച്ചിട്ടില്ല,’ എന്ന് കെജ്‌രിവാൾ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആം ആദ്മിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതി ആണെന്നും കെജ്‌രിവാൾ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ മാപ്പുസാക്ഷിയായ ശരത് റെഡ്ഡി ബി.ജെ.പിക്ക് പണം നല്‍കിയെന്ന വാദം തെറ്റാണെന്നും അത് മദ്യ നയക്കേസുമായി ബന്ധമില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ രാജു പറഞ്ഞു.

അതേസമയം കെജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി. ദല്‍ഹി റൗസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്. കെജ്‌രിവാളിനെ വീണ്ടും ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ.ഡി കോടതിയില്‍ അപേക്ഷിച്ചത്.

കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: Delhi Chief Minister Arvind Kejriwal opens up about money transfer in liquor scam case