ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. ജാമ്യാപേക്ഷയിലെ കെജ്‌രിവാളിന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് കെജ്‌രിവാളിന് ജാമ്യം ലഭ്യമായത്.
ദല്‍ഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജാമ്യം നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. നിയമപരമായ വഴികള്‍ കൂടി പരിശോധിക്കാന്‍ സമയം നല്‍കണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.
ഗോവയില്‍ കെജ്‌രിവാളിന്റെ ഹോട്ടല്‍ ബില്ല് അടച്ചത് സമാന കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതിയാണെന്നും ഇയാള്‍ വ്യവസായികളില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡി കോടതിയില്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇ.ഡിയുടെ വാദം.
എന്നാല്‍ ഇ.ഡി തങ്ങളുടെ ഊഹാപോഹങ്ങള്‍ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ വാദിച്ചു. വിജയ് നായര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതിന് തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജാമ്യം നിബന്ധനകള്‍ക്ക് വിധേയമായ തടവ് തന്നെയാണ്. അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കെജ്‌രിവാളിന് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ ഇന്ന് വാദത്തില്‍ കോടതിയ്ക്ക് മുമ്പാകെ ആവശ്യപ്പെട്ടു. പിന്നാലെയാണ് ജാമ്യം.
ദല്‍ഹി മദ്യനയ കേസില്‍ ഇടപെടല്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള കേസിലാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21ന് ആണ് കെജ്രിവാള്‍ അറസ്റ്റിലാവുന്നത്. മെയ് പത്തിന് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ മുതിര്‍ന്ന നേതാവായിരുന്നു കെജ്‌രിവാള്‍. ദല്‍ഹി മുഖ്യമന്ത്രിക്ക് പുറമെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Content Highlight: Delhi Chief Minister Arvind Kejriwal granted bail by trial court in liquor case