|

കസ്റ്റഡിയിലിരിക്കെ കൃത്യനിര്‍വഹണം തുടര്‍ന്ന് കെജ്‌രിവാൾ; പിന്നാലെ പരാതിയുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ കൃത്യനിര്‍വഹണം തുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സംസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്‌രിവാൾ പുറത്തിറക്കിയത്.

ദല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചുകൊണ്ടാണ് ജലബോര്‍ഡിനെ സംബന്ധിക്കുന്ന ഉത്തരവ് കെജ്‌രിവാൾ പുറത്തിറക്കിയിരിക്കുന്നത്. അറസ്റ്റിന് ശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാന്‍ സാധിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് കെജ്‌രിവാളിന്റെ ഈ നീക്കം.

അതേസമയം കെജ്‌രിവാളിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാല്‍ ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കെജ്‌രിവാളിന്റെ നീക്കം നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ബി.ജെ.പി നേതാക്കളും കെജ്‌രിവാളിന്റെ നടപടിക്കെതിരെ പരാതിപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കസ്റ്റഡിയില്‍ നിന്നുകൊണ്ട് കെജ്‌രിവാള്‍ പുറപ്പെടുവിച്ച ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പി.എം.എല്‍.എ കോടതിയുടെ ഉത്തരവിന് അനുസൃതമാണോ എന്ന് അന്വേഷിക്കുമെന്നും ഇ.ഡി പ്രതികരിച്ചു.

ഞായറാഴ്ച അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് ഇന്ത്യാ മുന്നണി അറിയിച്ചു. മാര്‍ച്ച് 31ന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ മഹാറാലി നടത്തുമെന്ന് ദല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി ഇ.ഡി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

മാര്‍ച്ച് 31ന് നടക്കുന്ന റാലി കേവലമൊരു രാഷ്ട്രീയ റാലി മാത്രമല്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനുമുള്ള ആഹ്വാനമാണെന്നും ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു.

Content Highlight: Delhi Chief Minister Arvind Kejriwal following Chief Minister’s duties while in custody