ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. സി.ബി.ഐ അറസ്റ്റിനെതിരായ ഹരജി കോടതി തള്ളിയതോടെയാണ് കെജ്‌രിവാള്‍ തിരിച്ചടി നേരിട്ടത്.
ദല്‍ഹി ഹൈക്കോടതിയുടേതാണ് നടപടി. ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയാണ് കെജ്‌രിവാളിന്റെ ഹരജി തള്ളിയത്.
അറസ്റ്റ് കാരണംകൂടാതെയാണെന്നും നിയമവിരുദ്ധമാണെന്നും പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിനെതിരായ ഹരജിക്ക് പുറമെ കെജ്‌രിവാള്‍ ഫയല്‍ ചെയ്ത ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. കോടതി ഉത്തരവ് അനുസരിച്ച് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും.
ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കെജ്‌രിവാളിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. മാർച്ച് 21നാണ് ഇ.ഡി കെജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിഹാർ ജയിലിൽ കഴിയവേയാണ് ദൽഹി മുഖ്യമന്ത്രിയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.
അതേസമയം ഇ.ഡി കേസിൽ സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ അദ്ദേഹത്തിന് പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല.
സി.ബി.ഐ അറസ്റ്റിനെതിരായും ജാമ്യാപേക്ഷക്കായും വിചാരണ കോടതിയിൽ കെജ്‌രിവാൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിചാരണ കോടതി ഇരു ഹരജികളും തള്ളുകയായിരുന്നു. ഇതിനുപിന്നാലെയാണ് ദൽഹി ഹൈക്കോടതിയിൽ നിന്നും കെജ്‌രിവാൾ തിരിച്ചടി നേരിട്ടത്.
മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, എൻ. ഹരിഹരൻ, രമേഷ് ഗുപ്ത എന്നിവരാണ് കെജ്‌രിവാളിന് വേണ്ടി ഹാജരായത്. അന്വേഷണ ഏജൻസിയെ പ്രതിനിധീകരിച്ച് സി.ബി.ഐ എസ്.എസ്.പി ഡി.പി. സിങ്ങും ഹാജരായി.
കെജ്‌രിവാളിനെതിരായ സി.ബി.ഐ അറസ്റ്റ് ഇൻഷുറൻസ് നടപടിയാണെന്നായിരുന്നു സിങ്‌വിയുടെ വാദം. ഇ.ഡി കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സി.ബി.ഐയുടെ നടപടി ഉണ്ടായതെന്നും സിങ്‌വി കോടതിയിൽ പറഞ്ഞു. എന്നാൽ അറസ്റ്റിനെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു.
Content Highlight: Delhi Chief Minister Arvind Kejriwal faced hit back again in the liquor corruption case