കൊച്ചി: ട്വന്റി ട്വന്റി- ആം ആദ്മി സഖ്യപ്രഖ്യാപനം നടത്തി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി സംഘടിപ്പിച്ച ജനസംഗമം പരിപാടിയില്‍ സംസാരക്കുകായായിരുന്നു അദ്ദേഹം. കേരളത്തിലും ആം ആദ്മിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും സത്യസന്ധത മാത്രം മതിയെന്നും
കെജ്‌രിവാള്‍ പറഞ്ഞു.
ആം ആദ്മിയുടെ വളര്‍ച്ച അതിവേഗമായിരുന്നെന്ന് പറഞ്ഞ കെജ്‌രിവാള്‍ ദല്‍ഹിക്ക് പിന്നാലെ പഞ്ചാബില്‍ അധികാരത്തിലെത്തിയതും സൂചിപ്പിച്ചു. സത്യസന്ധത മാത്രമാണ് ആവശ്യം. അഴിമതി ഇല്ലാതാക്കുകയാണ് ദല്‍ഹിയില്‍ ആദ്യം ചെയ്തതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
‘വൈദ്യുതി സൗജന്യം, മികവുറ്റ സര്‍ക്കാര്‍ സ്‌കൂളുകള്‍, അഴിമതിയില്ലാതാക്കി. കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ?’; ദല്‍ഹിയലെ നേട്ടങ്ങള്‍ പറഞ്ഞ് കെജ്‌രിവാള്‍ പറഞ്ഞു.
ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്ററും കിറ്റക്‌സ് എം.ഡിയുമായ സാബു എം. ജേക്കബിനെ പ്രസംഗത്തില്‍ കെജ്‌രിവാള്‍ വാനോളം പുകഴ്ത്തി. പരിഭാഷകന്റെ ആവശ്യമില്ലല്ലോ എന്ന് ശ്രോതക്കളോട് ചോദിച്ച് മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ ശേഷം ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചുമുതല്‍ കിഴക്കമ്പലത്തെ കിറ്റക്‌സ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. ട്വന്റി ട്വന്റിയുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലും ഗോഡ്‌സ് വില്ലയിലും കിഴക്കമ്പലത്തെത്തിയ കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തി. കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബും ഒപ്പമുണ്ടായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സാബു എം. ജേക്കബ് കെജ്‌രിവാളിനോട് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കെജ്‌രിവാള്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടേയും ട്വന്റി ട്വന്റിയും സഖ്യം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പിനില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കുകയായിരുന്നു.
CONTENT HIGHLIGHTS: Delhi Chief Minister Arvind Kejriwal announces Twenty20 Aam Aadmi Party alliance