ന്യൂദല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ജനത ബഹിഷ്‌കരികണമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം.
ഇരട്ടി വില കൊടുത്തും ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ആം ആദ്മി ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.
‘കുറച്ചായി ചൈന നമ്മെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ധീരരായ സൈനികര്‍ അവരെ നേരിട്ടുകൊണ്ടിരിക്കയാണ്. ചിലര്‍ ജീവന്‍ തന്നെ ത്യജിച്ചു.
കളിപ്പാട്ടങ്ങള്‍, ചെരിപ്പ്, വസ്ത്രങ്ങള്‍ എന്നിവ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത്തരം സാധനങ്ങള്‍ നമുക്ക് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാവുന്നതേയുള്ളൂ.
90 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ ആണ് രണ്ട് വര്‍ഷം മുമ്പ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്തത്. ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ തയാറാകണം,’ കെജ്‌രിവാള്‍ പറഞ്ഞു.