| Wednesday, 14th February 2024, 2:59 pm

പൊലീസിന്റെ നിയന്ത്രണങ്ങള്‍ തച്ചുടച്ച് കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ച്; അതിര്‍ത്തികള്‍ സംഘര്‍ഷഭരിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചിനെ നിയന്ത്രിക്കാന്‍ കഴിയാതെ പഞ്ചാബ്-ഹരിയാന പൊലീസ്. പഞ്ചാബിലെ 70000ത്തിലധികം കര്‍ഷകര്‍ സര്‍വ സന്നാഹങ്ങളുമായി ദല്‍ഹിയുടെ അതിര്‍ത്തിയിലേക്ക് എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്ഷത്തിനല്ല തങ്ങള്‍ എത്തിയതെന്നും പിന്നോട്ട് പോവാന്‍ കഴിയില്ലെന്നും കര്‍ഷക നേതാക്കള്‍ പൊലീസ് അധികൃതരെ അറിയിച്ചു. എന്നാല്‍ കര്‍ഷകരുടെ നേരെ പൊലീസ് ടിയര്‍ ഗ്യാസ് അടക്കമുള്ള പ്രയോഗങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കര്‍ഷകര്‍ ദല്‍ഹിയിലേക്ക് നീങ്ങുന്നത് തടയാന്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. തുടര്‍ന്ന് നിരവധി കര്‍ഷകര്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ മുന്നിലൂടെ പല വര്‍ണങ്ങളിലുള്ള പട്ടങ്ങള്‍ പറത്തിക്കൊണ്ട് പ്രതിഷേധിക്കുന്ന കര്‍ഷകരെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്റ്ററുകളുമായി അതിര്‍ത്തിയിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ശംഭു അതിര്‍ത്തിയില്‍ കിലോമീറ്ററോളം ദൂരത്തില്‍ ട്രാക്റ്ററുകള്‍ നിരന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി നൂറുക്കണക്കിന് ഇടങ്ങളിലായി കര്‍ഷകര്‍ ലങ്ങാറുകള്‍ ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പൊലീസിന് പുറമെ കൂടുതല്‍ കേന്ദ്ര സേനാ ഉദ്യോഗസ്ഥരെ ദല്‍ഹി അതിര്‍ത്തിയില്‍ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന് ചൂണ്ടിക്കാട്ടി കര്‍ഷക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

അതിര്‍ത്തിയിലെ ദേശീയ പാതകളില്‍ ശക്തമായ നിരീക്ഷണമാണ് നടക്കുന്നത്. പത്തടിയോളം ആഴത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കിടങ്ങുകള്‍ സ്ഥാപിച്ചുവെന്നും കൂടുതല്‍ മുള്ളുവേലികള്‍ കെട്ടിപ്പൊക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരും വരും ദിവസങ്ങളില്‍ മാര്‍ച്ചില്‍ പങ്കെടുത്തേക്കാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബീഹാറില്‍ ട്രെയിന്‍ തടയാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി മരിച്ചുകഴിഞ്ഞാല്‍ അത് നല്ലതാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ കര്‍ഷകരെന്ന് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മനസിലാക്കണമെന്ന് കര്‍ഷക നേതാവ് കെ.വി. ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രക്ഷോഭത്തിന് വഴിയൊരുക്കാതെ കര്‍ഷക സംഘടനകള്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടെ ആവശ്യപ്പെട്ടു. താങ്ങുവിലക്ക് നിയമസാധുത നല്‍കുന്ന വിഷയം പെട്ടെന്ന് സാധ്യമാവുന്ന കാര്യമല്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പ്രതിഷേധം സാധാരണക്കാരെ വലയ്ക്കുന്നതാണെന്ന് അര്‍ജുന്‍ മുണ്ടെ പറഞ്ഞു.

അതേസമയം കര്‍ഷകരുടെ കല്ലേറില്‍ തങ്ങളുടെ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായി അംബാല പൊലീസ് അവകാശപ്പെട്ടു.

Content Highlight: Delhi Chalo march of farmers defying police restrictions

Latest Stories

We use cookies to give you the best possible experience. Learn more