ന്യൂദല്‍ഹി: ദല്‍ഹി ചലോ മാര്‍ച്ചിന് ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതായി ദല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാം. ബുരാരിയിലെ നിരാങ്കരി സംഘം ഗ്രൗണ്ടില്‍ അവര്‍ക്ക് പ്രതിഷേധം തുടരാം.’ കമ്മിഷണര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്. എന്നാല്‍ കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.
കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ട്രക്കും കണ്ടെയ്‌നറുകളുമായി പൊലീസ് പ്രതിഷധേക്കാരെ ദല്‍ഹിയുടെ അതിര്‍ത്തികളില്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ പലയിടങ്ങളിലും കര്‍ഷകര്‍ ഇവ തള്ളിമാറ്റി കൊണ്ട് മുന്നോട്ടു നീങ്ങുകയായിരുന്നു.
ദല്‍ഹി ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി ബാരിക്കേഡ് പോലെ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്, പ്രതിഷേധക്കാര്‍ വലിച്ചുനീക്കി മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ക്രെയ്ന്‍ ഉപയോഗിച്ച് സ്ഥാപിച്ച കണ്ടെയ്നറുകളും കര്‍ഷകര്‍ നീക്കം ചെയ്തു. നൂറു കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നായിരുന്നു കണ്ടെയ്നറുകള്‍ ഓരോന്നായി തള്ളി മാറ്റിയത്.
അതേസമയം തന്നെ പലയിടങ്ങളിലും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്തുതന്നെ സംഭവിച്ചാലും സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്നും കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നുമായിരുന്നു കര്‍ഷകരുടെ മറുപടി. തങ്ങള്‍ ജയിക്കാനാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.
കര്‍ഷകര്‍ ഭക്ഷണ സാധനങ്ങളും ടാങ്കറുകളില്‍ വെള്ളവുമൊക്കെയായാണ് സമരത്തിനെത്തിയത്. സമരം മൂന്ന് മാസം വരെ തുടര്‍ന്നാലും അതിനെ നേരിടാനാവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
ഇതിനിടയില്‍ കര്‍ഷകരെ അറസ്റ്റ് ചെയ്തു പാര്‍പ്പിക്കുന്നതിനായി 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ദല്‍ഹി പൊലീസ് സര്‍ക്കാരിനെ സമീപിച്ചെങ്കിലും ആംആദ്മി സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക