| Sunday, 8th December 2024, 5:39 pm

ദല്‍ഹി ചലോ മാര്‍ച്ച്; 15 കര്‍ഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഗുരുതര പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ചലോ മാര്‍ച്ചില്‍ 15 കര്‍ഷകര്‍ക്ക് പരിക്ക്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ നിന്ന് ദല്‍ഹിയിലേക്ക് പുനരാരംഭിച്ച മാര്‍ച്ചില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്നാണ് പരിക്ക്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന മാര്‍ച്ചിനിടെയാണ് കര്‍ഷകര്‍ക്ക് പരിക്കേറ്റത്. കര്‍ഷകരില്‍ ഒരാളുടെ പരിക്ക് ഗുരുതമാണെന്ന് പഞ്ചാബ് ആരോഗ്യവകുപ്പ് അറിയിച്ചു.

പരിക്കേറ്റ ബാക്കിയുള്ള കര്‍ഷകര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. കര്‍ഷകരുടെ തലയ്ക്കും കാലിനും കൈയ്ക്കുമാണ് പരിക്ക് സംഭവിച്ചിട്ടുള്ളത്.

കാലാവധി കഴിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകളാണ് പൊലീസ് ഉപയോഗിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇതിനിടെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി) നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. നിലവിലെ കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത്, പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയുന്ന സെക്ഷന്‍ 163 (മുമ്പ് സെക്ഷന്‍ 144) പ്രകാരമുള്ള നിരോധന ഉത്തരവുകളും അതിര്‍ത്തിയില്‍ നിലവിലുണ്ട്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയിലെയും എസ്.കെ.എം ഗ്രൂപ്പുകളിലെയും 101 കര്‍ഷകരാണ് പ്രതിഷേധ രംഗത്തുള്ളത്.

കര്‍ഷക മാര്‍ച്ചിന് നേരെ ഞായറാഴ്ച നടന്ന കണ്ണീര്‍ വാതക പ്രയോഗത്തില്‍ അഞ്ച് പേര്‍ക്ക് കൂടി പരിക്കേറ്റതായാണ് വിവരം. അതേസമയം 2024 മാര്‍ച്ചില്‍ നടന്ന കര്‍ഷക സമരത്തില്‍ ഖനൗരി അതിര്‍ത്തിയില്‍ വെച്ച് 21കാരനായ ശുഭ്കരണ്‍ സിങ് തലയ്ക്ക് വെടിയേറ്റ് മരിച്ചിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തില്‍ യുവാവിന്റെ തലയുടെ പിന്‍വശത്ത് വെടിയേറ്റതായി കണ്ടെത്തിയിരുന്നു. പഞ്ചാബിലെ ബതിന്ഡ ജില്ലയിലെ ബലോകേ സ്വദേശിയായിരുന്നു ശുഭ്കരണ്‍ സിങ്. യുവകര്‍ഷകന്റെ മരണം ഹരിയാന പൊലീസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 21 വയസുള്ള യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന വിവരം കര്‍ഷക നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്.

Content Highlight: Delhi Chalo March; 15 farmers and media workers seriously injured

Video Stories

We use cookies to give you the best possible experience. Learn more