ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ആരംഭിച്ച ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാകുന്നു. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ദല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ദല്‍ഹി പൊലീസ്. ഇതിനുള്ള അനുവാദത്തിനായി ദല്‍ഹി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് പൊലീസെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ദല്‍ഹി ചലോ മാര്‍ച്ചിന്റെ രണ്ടാം ദിവസവും സംഘര്‍ഷമുണ്ടായി. ദല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ വെച്ച് പൊലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ സിംഗുവിലും കര്‍ഷകര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Delhi Police seeks permission from Delhi Government to convert nine stadiums into temporary prisons, in view of #FarmersProtest
അതേസമയം സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ പാനിപ്പത്തിലാണ് തമ്പടിച്ചിരിക്കുകയാണ്. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഇവര്‍ അറിയിച്ചു. തങ്ങള്‍ ജയിക്കാനാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറയുന്നു.
അതിര്‍ത്തിയില്‍ വൈകുന്നേരത്തോടെ 50,000ത്തിലധികം കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് കരുതുന്നതെന്ന് സയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ട്രാക്ടറുകളിലും ട്രോളികളിലും ഉള്‍പ്രദേശങ്ങളിലുള്ള കര്‍ഷക സ്ത്രീകളെയും കുട്ടികളെയും കൂടി അതിര്‍ത്തിയില്‍ എത്തിക്കുന്നതോടെ കര്‍ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുകയെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കര്‍ഷകര്‍ ഭക്ഷണ സാധനങ്ങളും ടാങ്കറുകളില്‍ വെള്ളവുമൊക്കെയായാണ് സമരത്തിനെത്തിയത്. സമരം മൂന്ന് മാസം വരെ തുടര്‍ന്നാലും അതിനെ നേരിടാനാവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
അതേസമയം ഉത്തര്‍പ്രേദശ്-ദല്‍ഹി, ഹരിയാന- ദല്‍ഹി അതിര്‍ത്തികളിലെല്ലാം കര്‍ഷകരനെ നേരിടാന്‍ കനത്ത പൊലീസ് സേനയെയാണ്
വിന്യസിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ്-ദല്‍ഹി അതിര്‍ത്തിയായ എന്‍.എച്ച് 24, ഡി.എന്‍.ഡി, ദല്‍ഹി അതിര്‍ത്തിപ്രദേശമായ ചില്ലാ ബോര്‍ഡര്‍, ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗു ബോര്‍ഡര്‍, ദല്‍ഹി-ഗുരുഗ്രാം ബോര്‍ഡര്‍ തുടങ്ങി എല്ലാ പ്രദേശങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അതിര്‍ത്തികള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടും ബാരിക്കേടുകള്‍ കൊണ്ടും അടച്ചിരിക്കുകയാണ് ദല്‍ഹി പൊലീസ്. ഒരു കാരണവശാലും കര്‍ഷകരെ ദല്‍ഹിയിലേക്ക് കടത്തിവിടില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വീണ്ടും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക