ന്യൂദല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ദല്‍ഹി ചലോ മാര്‍ച്ചില്‍ കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തു.
ജന്തര്‍ മന്തറില്‍ വെച്ചാണ് ദല്‍ഹി പൊലീസ് കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തത്. ഓള്‍ ഇന്ത്യാ കിസാന്‍ സഭാ ട്രഷററാണ് കൃഷ്ണപ്രസാദ്.
ജന്തര്‍ മന്തറില്‍ ആരെയും പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. അതിര്‍ത്തി ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും ദല്‍ഹി പൊലീസ് പറഞ്ഞു.
രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ദല്‍ഹി ചലോ മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുന്നത്. എന്നാല്‍ ദല്‍ഹിയിലേക്കുള്ള മാര്‍ച്ച് ഏതുവിധേനയും തടയുമെന്നാണ് പൊലീസ് പറയുന്നത്.
ഹരിയാനയുടെയും യു.പിയുടെയും അതിര്‍ത്തിപ്രദേശങ്ങളില്‍ പൊലീസ് കര്‍ഷകരെ തടയുന്നുണ്ട്. കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തി. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും സമരത്തിന്റെ അവസാനം കര്‍ഷകര്‍ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുമെന്നാണ് ദല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.