ഐ.പി.എല്‍ 2023ലെ 64ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 213 റണ്‍സാണ് ക്യാപ്പിറ്റല്‍സ് അടിച്ചെടുത്തത്.
സീസണില്‍ തങ്ങളുടെ ഏറ്റവുമുയര്‍ന്ന സ്‌കോറും ആദ്യ 200+ സ്‌കോറുമാണ് വാര്‍ണറും സംഘവും പഞ്ചാബ് സിംഹങ്ങളെ പഞ്ഞിക്കിട്ട് നേടിയെടുത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 94 റണ്‍സാണ് അടിച്ചെടുത്തത്.
31 പന്തില്‍ നിന്നും 46 റണ്‍സ് നേടിയ വാര്‍ണറിന്റെ വിക്കറ്റാണ് ക്യാപ്പിറ്റല്‍സിന് ആദ്യം നഷ്ടമായത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കമായിരുന്നു ക്യാപ്റ്റന്‍ സ്‌കോര്‍ നേടിയത്.
പതിവിന് വിപരീതമായി റണ്ണടിക്കുന്ന പൃഥ്വി ഷാ ആയിരുന്നു ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലെ കാഴ്ച. സീസണില്‍ ഫോമിന്റെ ഏഴയലത്ത് പോലും പോകാതിരുന്ന ഷാ ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്നതിന് സമാനമായ പ്രകടനമാണ് പുറത്തെടുത്തത്.
38 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 54 റണ്‍സ് നേടിയാണ് ഷാ പുറത്തായത്. താരത്തിന്റെ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്.
വാര്‍ണര്‍ പുറത്തായതിന് പിന്നാലെ ധര്‍മശാലയില്‍ കൊടുങ്കാറ്റ് വീശിയടിക്കുകയായിരുന്നു. റിലി റൂസോയെന്ന മഹാമേരുവിന് മുമ്പില്‍ പഞ്ചാബ് ബൗളര്‍മാര്‍ നിന്നു വിറച്ചു. 37 പന്തില്‍ നിന്നും ആറ് വീതം സിക്‌സറും ബൗണ്ടറിയുമായി 82 റണ്‍സാണ് റൂസോ സ്‌റ്റോമിലൂടെ ക്യാപ്പിറ്റല്‍സിന്റെ ടോട്ടലിലേക്കെത്തിയത്.
ഷാ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഫില്‍ സോള്‍ട്ടും ആഞ്ഞടിച്ചു. 14 പന്തില്‍ നിന്നും രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമായാണ് സോള്‍ട്ടും തന്റെ ഭാഗം ഗംഭീരമാക്കിയത്.
പഞ്ചാബ് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും സാമാന്യം ഭേദപ്പെട്ട രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സാം കറന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
214 റണ്‍സ് ചെയ്തിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ മുഖത്തടിയേറ്റിരുന്നു. ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ ഗോള്‍ഡന്‍ ഡക്കായി നഷ്ടപ്പെട്ടതാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. ഗബ്ബറിനെ അമാന്‍ ഹക്കീം ഖാന്റെ കൈകളിലെത്തിച്ച് ഇഷാന്ത് ശര്‍മയാണ് മടക്കിയത്.
നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 36 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് പഞ്ചാബ്. 13 പന്തില്‍ നിന്നും 12 റണ്‍സ് നേടിയ അഥര്‍വ തായ്‌ദെയും 16 പന്തില്‍ നിന്നും 21 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ് ക്രീസില്‍.
Content highlight: Delhi Capitals with huge total against Punjab Kings