| Monday, 15th May 2023, 3:51 pm

ഐ.പി.എല്ലില്‍ നിന്നും പുറത്തായിട്ടും ആ പോയിന്റ് ടേബിളില്‍ ഒന്നാമത് നില്‍ക്കാന്‍ ഒരു റേഞ്ച് വേണം; വാര്‍ണറിനും സംഘത്തിനും അഭിമാനിക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനത്തോടടുക്കുമ്പോള്‍ പ്ലേ ഓഫിലേക്ക് ആരെല്ലാം പ്രവേശിക്കും എന്നതിന്റെ കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. പോയിന്റ് പട്ടിക നോക്കി പ്ലേ ഓഫിലേക്ക് ആരെല്ലാം കടക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.

പോയിന്റ് പട്ടികയില്‍ നിന്നും ആകെ വ്യക്തമാകുന്ന കാര്യം ദല്‍ഹി ക്യാപ്പിറ്റല്‍സിന് പ്ലേ ഓഫ് കളിക്കാന്‍ സാധിക്കില്ല എന്നത് മാത്രമാണ്. നിലവില്‍ ഐ.പി.എല്ലില്‍ നിന്നും പുറത്തായ ഏക ടീമും ക്യാപ്പിറ്റല്‍സ് തന്നെയാണ്.

12 മത്സരത്തില്‍ നിന്നും നാല് വിജയവും എട്ട് തോല്‍വിയുമായി എട്ട് പോയിന്റാണ് ക്യാപ്പിറ്റല്‍സിനുള്ളത്. തൊട്ടുമുകളിലുള്ള സണ്‍റൈസേഴ്‌സിനും എട്ട് പോയിന്റാണെങ്കില്‍ക്കൂടിയും ഇതുവരെ കളിച്ചത് 11 മത്സരമാണ് എന്നതിനാല്‍ ഉദയസൂര്യന്‍മാരുടെ വിധി ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല.

ഐ.പി.എല്ലിന്റെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായതാണെങ്കിലും ക്യാപ്പിറ്റല്‍സ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്ന മറ്റൊരു പട്ടികയുണ്ട്. സീസണിലെ ഫെയര്‍ പ്ലേ പുരസ്‌കാരത്തിനുള്ള പട്ടികയിലാണ് വാര്‍ണറും സംഘവും ടോപ്പിലുള്ളത്.

12 മത്സരത്തില്‍ നിന്നും 122 പോയിന്റാണ് ക്യാപ്പിറ്റല്‍സിനുള്ളത്. 10.17 എന്നതാണ് ടീമിന്റെ ശരാശരി.

ഒരു മത്സരത്തില്‍ പത്ത് ഫെയര്‍ പ്ലേ പോയിന്റാണ് ഒരു ടീമിന് ലഭിക്കുക. നാല് മാനദണ്ഡങ്ങളാണ് ഇതിനുള്ളത്.

ഗെയിം സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കല്‍, എതിരാളികളോടുള്ള ബഹുമാനം, ക്രിക്കറ്റ് നിയമം പാലിക്കല്‍, അമ്പയര്‍മാരോടുള്ള ബഹുമാനം എന്നിവയാണ് ആ നാല് മാനദണ്ഡങ്ങള്‍. ഇതില്‍ ഗെയിം സ്പിരിറ്റിന് നാല് പോയിന്റും മറ്റ് മൂന്ന് മാനദണ്ഡങ്ങള്‍ക്ക് രണ്ട് പോയിന്റ് വീതവുമാണ് ലഭിക്കുക.

ഐ.പി.എല്‍ ഫെയര്‍ പ്ലേ അവാര്‍ഡ്

(ടീം – മത്സരം – പോയിന്റ് – ശരാശരി എന്ന ക്രമത്തില്‍)

1. ദല്‍ഹി ക്യാപ്പിറ്റല്‍സ് – 12 – 122 – 10.17

2. ഗുജറാത്ത് ടൈറ്റന്‍സ് – 12 – 122 – 10.17

3. പഞ്ചാബ് കിങ്‌സ് – 12 – 119 – 9.92

4. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 11 – 109 – 9.91

5. ചെന്നൈ സൂപ്പര്‍ കിങ്‌സ് – 12 – 118 – 9.83

6. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 12 – 117 – 9.75

7. മുംബൈ ഇന്ത്യന്‍സ് – 12 – 116 – 9.67

8. രാജസ്ഥാന്‍ റോയല്‍സ് – 13 – 123 – 9.46

9. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 12 – 111 – 9.25

10. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 12 – 111 – 9.25

രാജസ്ഥാന്‍ റോയല്‍സായിരുന്നു കഴിഞ്ഞ സീസണിലെ ഫെയര്‍ പ്ലേ പുരസ്‌കാരത്തിന് അര്‍ഹരായത്.

അതേസമയം, മെയ് 19നാണ് ദല്‍ഹി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ധര്‍മശാലയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. മൂന്ന് ദിവസത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ വെച്ച് സീസണിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ദല്‍ഹി നേരിടും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് സീസണിനോട് വിടപറയാനാകും ക്യാപ്പിറ്റല്‍സ് ഒരുങ്ങുന്നത്.

Content Highlight: Delhi Capitals tops in the table of fair play awards

We use cookies to give you the best possible experience. Learn more