ഐ.പി.എല്‍ 2023ലെ തങ്ങളുടെ അവസാന ലീഗ് ഘട്ട മത്സരത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറെടുക്കുന്നത്. മെയ് 20ന് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമാണ് ചെന്നൈയുടെ എതിരാളികള്‍.
ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കാത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഈ മത്സരം നിര്‍ണായകമാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും ചെന്നൈ പ്രതീക്ഷിക്കുന്നില്ല. ഒരുപക്ഷേ ഈ മത്സരത്തിലെ തോല്‍വി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്താക്കിയേക്കും.
വരും മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍ക്കുകയും റോയല്‍ ചലഞ്ചേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും വിജയിക്കുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐ.പി.എല്‍ യാത്ര ഇതോടെ അവസാനിക്കും.
ടൂര്‍ണമെന്റില്‍ നിന്നും ഇതോടെ പുറത്തായ ദല്‍ഹി ക്യാപ്പിറ്റല്‍സിന് ഒന്നും നഷ്ടപ്പെടാനില്ല. അവസാന മത്സരത്തില്‍ തങ്ങളുടെ ഹോം ക്രൗഡിന് മുമ്പില്‍ വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ തന്നെയാകും ക്യാപ്പിറ്റല്‍സ് ഒരുങ്ങുക.
തങ്ങളുടെ അവസാന മത്സരത്തില്‍ റെയിന്‍ബോ ജേഴ്‌സി അണിഞ്ഞുകൊണ്ടാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് കോട്‌ലയിലേക്കിറങ്ങുക. 2020 സീസണ്‍ മുതലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന റെയിന്‍ബോ ജേഴ്‌സി ക്യാപ്പിറ്റല്‍സ് ധരിച്ചുതുടങ്ങിയത്. തുടര്‍ന്നുള്ള എല്ലാ സീസണിലും ഒരിക്കലെങ്കിലും ക്യാപ്പിറ്റല്‍സ് റെയിന്‍ബോ ജേഴ്‌സി ധരിച്ചിട്ടുണ്ട്.
നൂറ് ശതമാനമാണ് റെയിന്‍ബോ ജേഴ്‌സിയില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയശതമാനം. അതായത് റെയിന്‍ബോ ജേഴ്‌സിയില്‍ കളത്തിലിറങ്ങിയപ്പോഴെല്ലാം തന്നെ ദല്‍ഹി വിജയം രുചിച്ചിട്ടുണ്ട്.
ഐ.പി.എല്‍ 2020യില്‍ റോയല്‍ ചലഞ്ചേഴ്‌സായിരുന്നു ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍. മത്സരത്തില്‍ 59 റണ്‍സിനായികുന്നു ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. 2021ല്‍ മുംബൈ ഇന്ത്യന്‍സും 2022ല്‍ കൊല്‍ക്കത്തയും ക്യാപ്പിറ്റല്‍സിന്റെ റെയിന്‍ബോ ജേഴ്‌സിയുടെ ഇംപാക്ട് അറിഞ്ഞു. നാല് വിക്കറ്റിനാണ് ഈ രണ്ട് മത്സരത്തിലും ടീം വിജയിച്ചത്.
ഇത്തവണയും റെയിന്‍ബോ ജേഴ്‌സിയില്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് വാര്‍ണറും സംഘവും കണക്കുകൂട്ടുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ദല്‍ഹി ക്യാപ്പിറ്റല്‍സും അഞ്ചാം കിരീടം ലക്ഷ്യം വെക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ദല്‍ഹിയില്‍ തീ പാറുമെന്നുറപ്പാണ്.
Content Highlight: Delhi Capitals to wear rainbow jersey against Chennai Super Kings