ഇനിയും ഒളിച്ചു കളിച്ചാല്‍ പണി പാളും; പൊലീസില്‍ കീഴടങ്ങാനൊരുങ്ങി ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരം
Sports News
ഇനിയും ഒളിച്ചു കളിച്ചാല്‍ പണി പാളും; പൊലീസില്‍ കീഴടങ്ങാനൊരുങ്ങി ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd October 2022, 3:05 pm

ബലാത്സംഗ കുറ്റം ആരോപിക്കപ്പെട്ട മുന്‍ നേപ്പാള്‍ ക്യാപ്റ്റനും ദല്‍ഹി ക്യാപ്പിറ്റല്‍സ് താരവുമായ സന്ദീപ് ലാമിഷാന്‍ പൊലീസില്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ആറിന് സ്വയം പൊലീസിന് മുമ്പില്‍ കീഴടങ്ങുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

17 വയസുകാരിയുടെ ബലാത്സംഗ പരാതിക്ക് പിന്നാലെ കാഠ്മണ്ഡു ജില്ലാ കോടതി താരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നേരത്തെ താരത്തിനെ പിടികൂടാന്‍ നേപ്പാള്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു.

സി.പി.എല്‍ (കരീബിയന്‍ പ്രീമിയര്‍ ലീഗ്) കളിക്കുന്നതിനായി ട്രിനിഡാഡിലേക്ക് പറന്ന താരം അവിടെ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍ പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ താരത്തിനെതിരെ ഡിഫ്യൂഷന്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു താന്‍ പൊലീസിന് മുമ്പിലെത്താന്‍ പോകുന്നതായി ലാമിഷാന്‍ ആരാധകരോട് പറഞ്ഞത്.

‘2022 ഓക്ടോബര്‍ ആറിന് ഞാന്‍ നേപ്പാളിലെത്തുകയും, പൊലീസിന് മുമ്പില്‍ കീഴടങ്ങുകയും ചെയ്യും. എനിക്കെതിരെ ഉയര്‍ന്നിട്ടുള്ള വ്യാജ ആരോപണത്തെ ഞാന്‍ നിയമപരമായി തന്നെ നേരിടും,’ താരം ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും താന്‍ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യമാകുമെന്നും താരം ഫേസ്ബുക്ക് കുറിപ്പിലെഴുതി.

‘എന്റെ പ്രിയപ്പെട്ട അഭ്യുദേയകാംക്ഷികളേ, ഞാന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. ഞാന്‍ കടന്നുപോയ സംഘര്‍ഷഭരിതമായ നിമിഷങ്ങളില്‍ നിന്നും പതിയെ കരകയറി വരികയാണ്.

ഞാന്‍ നിരപരാധിയും ഗൂഢാലോചനയുടെ ഇരയുമാണെന്ന് നിയമപരമായി തെളിയിക്കാന്‍ ഞാന്‍ സ്വയം തയ്യാറെടുക്കുകയാണ്. എന്നിക്കെതിരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് ഇതിനകം തന്നെ തെളിയുമെന്ന് എനിക്കുറപ്പുണ്ട്.

ഞാന്‍ നിരപരാധിയാണെന്നും രാജ്യത്തിന്റെ പരമോന്നത നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ളവനാണെന്നും വീണ്ടും ആവര്‍ത്തിക്കുന്നു. കോടതിയുടെ ന്യായമായ വിചാരണയിലും വിധിന്യായത്തിലും ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണ്. എനിക്ക് എത്രയും വേഗം നീതി ലഭിക്കുമെന്നാണ് വിശ്വാസം,’ ലാമിഷാന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സെപ്റ്റംബര്‍ എട്ടിനാണ് 17 വയസുകാരിയായ പെണ്‍കുട്ടി സന്ദീപിനെതിരെ പരാതി നല്‍കിയത്. പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സന്ദീപിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ താരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതിയും ഉത്തരവിട്ടിരുന്നു.

22 വയസുകാരനായ സന്ദീപ് നേപ്പാളിലെ ഏറ്റവും മൂല്യമേറിയ താരമാണ്. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരത്തിനെതിരെ കോടതി സമന്‍സ് അയച്ചിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ താന്‍ എത്രയും പെട്ടെന്ന് നേപ്പാളിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു താരം നേരത്തെ പറഞ്ഞത്.

ഐ.പി.എല്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍), ബിഗ് ബാഷ് ലീഗ് (ബി.ബി.എല്‍) തുടങ്ങി ലോകത്തിലെ പ്രമുഖ ഫ്രാഞ്ചൈസി ലീഗുകളിലെല്ലാം താരം കളിച്ചിട്ടുണ്ട്.

നേപ്പാള്‍ ദേശീയ ടീമിനായി 30 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും 41 അന്താരാഷ്ട്ര ടി-20 മത്സരങ്ങളും സന്ദീപ് കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ നിന്നും 69 വിക്കറ്റും ടി-20യില്‍ 85 വിക്കറ്റുമാണ് താരം കരസ്ഥമാക്കിയത്.

 

content highlight: Delhi capitals star Sandeep Lamichhane ready to surrender, set to face rape charges