ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് ഇനിയങ്ങോട്ടുള്ള മത്സരങ്ങള്‍ രണം അല്ലെങ്കില്‍ മരണം എന്ന അവസ്ഥയാണ്. വരാനിരിക്കുന്ന എല്ലാ മത്സരത്തിലും ജയിച്ചാല്‍ മാത്രമേ ദല്‍ഹിക്ക് മുമ്പില്‍ പ്ലേ ഓഫ് സാധ്യതകള്‍ തുറക്കുകയുള്ളൂ.
നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതുള്ള ക്യാപ്പിറ്റല്‍സിന് 11 മത്സരത്തില്‍ നിന്നും 5 ജയത്തോടെ 10 പോയിന്റാണുള്ളത്. വരാനിരിക്കുന്ന എല്ലാ മത്സരത്തില്‍ ജയിക്കുകയും രാജസ്ഥാനും ബെംഗളൂരുവും തുടര്‍ന്നുള്ള മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്താല്‍ ദല്‍ഹിക്ക് ആദ്യ നാലിലെത്താം.
ബുധനാഴ്ച സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അടുത്ത പോരാട്ടം. വരാനിരിക്കുന്ന മത്സരത്തില്‍ തങ്ങള്‍ ശക്തമായി തിരിച്ചെത്തുമെന്നാണ് ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്ത് പറയുന്നത്.
‘ഇനി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏക കാര്യം വരുന്ന എല്ലാ മത്സരത്തിലും തകര്‍ത്തടിച്ച് ജയിക്കുക എന്നതാണ്. എല്ലാ മത്സരത്തിലും ജയിക്കണം, എന്നാല്‍ അക്കാര്യം ഒട്ടും എളുപ്പമല്ല.
ടീമിലെ ചിലര്‍ പൂര്‍ണമായും ഫിറ്റല്ല, എന്നാല്‍ അതൊരു എക്‌സ്‌ക്യൂസായി ഞാന്‍ പറയുന്നില്ല. തിരിച്ചെത്താന്‍ സാധിക്കുമെന്നും പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ചെന്നെ എല്ലാ മേഖലയിലും ഞങ്ങളേക്കാള്‍ മികച്ചു നില്‍ക്കുകയായിരുന്നു. അതുകാരണമാണ് ഫലം ഞങ്ങള്‍ക്കെതിരായത്. അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ മാത്രമാണ് ചിന്ത,’ പന്ത് പറയുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വന്‍പരാജയമായിരുന്നു പന്തും കൂട്ടരും ഏറ്റുവാങ്ങിയത്. 91 റണ്‍സിനായിരുന്നു ദല്‍ഹിയുടെ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റിന് 208 റണ്‍സടിച്ചപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ക്യാപ്പിറ്റല്‍സ് 117ന് ഓള്‍ ഔട്ടാവുകയായിരുന്നു.
മെയ് 11നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.