ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാലി ബ്രൂക്കിന് പകരക്കാരനായി സൗത്ത് ആഫ്രിക്കന്‍ പേസര്‍ ലിസാദ് വില്യംസണിനെ ടീമിലെത്തിച്ച് ദല്‍ഹി ക്യാപ്പിറ്റല്‍സ്. ബ്രൂക്കിന് പകരക്കാരനായി ലിസാദ് വില്യംസണിനെ ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയതായി ഐ.പി.എല്‍ ടി ട്വന്റി ഡോട്ട് കോമിന്റെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
‘2024 ടാറ്റ ഐ.പി.എല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിന് പകരക്കാരനായി സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളറായ ലിസാദ് വില്യംസണിനെ ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി,’ ഐ.പി.എല്‍ ടി ട്വന്റി ഡോട്ട് കോമിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
2021ലാണ് വില്യംസ് സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ജേഴ്‌സിയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും 11 ടി-20യിലും താരം കളിച്ചിട്ടുണ്ട്. 50 ലക്ഷം അടിസ്ഥാന വിലക്കാണ് സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളറെ ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്കയ്ക്കായി 11 മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിന് വേണ്ടിയും മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്.
ഒമ്പത് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ നേടിക്കൊണ്ട് സൗത്ത് ആഫ്രിക്കന്‍ ലീഗിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്താനും വില്യംസണിന് സാധിച്ചിരുന്നു. താരത്തിന്റെ ഈ മിന്നും പ്രകടനം ദല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ് നിരയിലും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ നാല് കോടിക്കായിരുന്നു ഹാരി ബ്രൂക്കിനെ ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഐ.പി.എല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വ്യക്തിപരമായ കാരണങ്ങളാല്‍ ഹാരി ബ്രൂക്ക് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു.
അതേസമയം ഈ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് ഭേദപ്പെട്ട തുടക്കമല്ല ടൂര്‍ണമെന്റിൽ ലഭിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് പന്തിനും കൂട്ടര്‍ക്കും നേടാന്‍ സാധിച്ചത്. നാലു മത്സരങ്ങളും പരാജയപ്പെട്ടു കൊണ്ട് രണ്ട് പോയിന്റ് മാത്രമായി അവസാന സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്.
ഏപ്രില്‍ 12ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയമാണ് വേദി.
Content Highlight: Delhi Capitals signed Lizaad Williams for the replacement of Harry brook