ദൽഹിയുടെ നാല് കോടിക്കാരനും പുറത്തേക്ക്; പന്തിനും കൂട്ടർക്കും കനത്ത തിരിച്ചടി
Cricket
ദൽഹിയുടെ നാല് കോടിക്കാരനും പുറത്തേക്ക്; പന്തിനും കൂട്ടർക്കും കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th March 2024, 4:11 pm

2024 ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ആവേശകരമായ ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കം മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.

ഐ.പി.എല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദല്‍ഹി ക്യാപിറ്റല്‍സിന് വലിയ നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. ദല്‍ഹിയുടെ ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി ബ്രൂക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ ഐ.പി.എല്ലില്‍ നിന്നും പിന്മാറുന്നുവെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് നാല് കോടി രൂപക്കാണ് ബ്രുക്കിനെ ടീമിലെത്തിച്ചത്.

ഇതിനുമുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നിന്നും ഹാരി ബ്രുക്ക് പിന്‍മാറിയിരുന്നു. ബ്രൂക്കിന് പകരക്കാരനായി പുതിയൊരു താരത്തെ ടീം ലക്ഷ്യമിടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇംഗ്ലണ്ട് ടീമിന്റെ ബെന്‍ സ്റ്റോക്സിന്റെ ക്യാപ്റ്റന്‍സിയില്‍ ബ്രന്‍ഡന്‍ മക്കല്ലത്തിന്റെ കീഴില്‍ ബാസ്ബോള്‍ ശൈലിയില്‍ ബ്രൂക്ക് മികച്ച പ്രകടനമാണ് നടത്തുന്നത്.

2023 സീസണില്‍ 13.25 കോടി രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു ബ്രുക്കിനെ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇംഗ്ലണ്ട് താരത്തിന് സാധിച്ചിരുന്നില്ല. ഓറഞ്ച് ആര്‍മിക്ക് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 190 റണ്‍സാണ് ബ്രുക്ക് നേടിയത്.

ടി-20യില്‍ 29 മത്സരങ്ങളില്‍ 26 ഇന്നിങ്‌സില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 544 റണ്‍സാണ് ബ്രൂക്കിന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരത്തില്‍ മാര്‍ച്ച് 23ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ദല്‍ഹിയുടെ ആദ്യ മത്സരം.

2024 ഐ.പി.എല്ലിനുള്ള ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്‌ക്വാഡ്

റിഷഭ് പന്ത് (ക്യാപ്റ്റന്‍), പ്രവീണ്‍ ദുബെ, ഡേവിഡ് വാര്‍ണര്‍, വിക്കി ഓസ്റ്റ്വാള്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ത്ത്‌ജെ, അഭിഷേക് പോറെല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ലുങ്കി എന്‍ഗിഡി, ലളിത് യാദവ്, ഖലീല്‍ അഹമ്മദ്, മിച്ചല്‍ മാര്‍ഷ്, ഇഷാന്ത് ശര്‍മ, യാഷ് കുമാര്‍ ധൂല്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, റിക്കി ഭുയി, കുമാര്‍ കുഷാഗ്ര, റാസിഖ് ദാര്‍, ജയ് റിച്ചാര്‍ഡ്സണ്‍, സുമിത് കുമാര്‍, ഷായ് ഹോപ്, സ്വസ്തിക് ചിക്കാര.

Content Highlight: Delhi Capitals player Harry Brook pulls out IPL 2024