|

അടിച്ചവരും അടി കൊണ്ടവരും ഒരേ റെക്കോഡ് ലിസ്റ്റില്‍; പക്ഷേ നാണക്കേട് പന്തിന്റെ ദല്‍ഹിക്ക്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കം നിര്‍ണായകമായ പ്ലേ ഓഫ് മത്സരത്തിലേക്ക് എത്തിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസസ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നിവരാണ് പ്ലേ ഓഫ് എത്തിയത്.

പ്ലേയോഫിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. ഇന്ന് വൈകിട്ട് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. മെയ് 22ന് എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആര്‍.സി.ബിയെ നേരിടും.

2024ലെ ഐ.പി.എല്‍ സീസണില്‍ ബാറ്റര്‍മാരുടെ വെടിക്കെട്ട് പ്രകടനമാണ് കാണാന്‍ സാധിച്ചത്. സ്റ്റേഡിയത്തിന് തലങ്ങും വിലങ്ങുമായി സിക്‌സറുകള്‍ അടിക്കുന്ന ബാറ്റര്‍മാര്‍ ബൗളര്‍മാര്‍ക്ക് ഒരു തിരിച്ചടിയായിരുന്നു. ഇതോടെ 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങുന്ന ടീമുകളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ആണ് വന്നിരിക്കുന്നത്. 144 സിക്‌സറുകളാണ് ഈ സീസണില്‍ പന്തും കൂട്ടരും വാങ്ങിക്കൂട്ടിയത്.

ഇതുവരെ 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ ടീം

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 144

ആര്‍.സി.ബി – 138

മുംബൈ ഇന്ത്യന്‍സ് – 136

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 125

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 125

നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 3 തോല്‍വിയും അടക്കം 20 പോയിന്റ് നേടിയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത് എത്തിയത്.

രണ്ടാം സ്ഥാനത്ത് 14 മത്സരങ്ങളില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റുമായി ഹൈദരബാദാണ്. +0.482 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.

മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ 14 മത്സരങ്ങളില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റ് നേടി +0.273 എന്ന നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.

Content Highlight: Delhi Capitals In Unwanted Record Achievement