ഇന്നലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഡബ്ലി്യു.പി.എല്‍ മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനെ 29 റണ്‍സിനാണ് ദല്‍ഹി കാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിന് തകരുകയായിരുന്നു.
എന്നാല്‍ ഈ ഒരു വിജയത്തോടെ ദല്‍ഹി കാപിറ്റല്‍സ് ഡബ്ല്യു.പി.എല്ലില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ലീഗില്‍ മുംബൈക്കെതിരെ ഒരു ടോട്ടല്‍ പ്രതിരോധിക്കുന്ന ആദ്യ ടീമാണ് ദല്‍ഹി. ഇതുവരെ ഒരു ടീമിനും മുബൈക്കെതിരെ ഒരു ടോട്ടല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കാപിറ്റല്‍സിന് വേണ്ടി ക്യാപ്റ്റന്‍ മെഗ് ലാനിങ് 38 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 53 റണ്‍സാണ് താരം നേടിയത്. തുടര്‍ന്ന് ഇറങ്ങിയ ഷഫാലി വര്‍മ 12 പന്തില്‍ നിന്ന് 28 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനവും നടത്തി. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ആലീസ് ക്യാപ്‌സി 19 റണ്‍സിന് പുറത്തായപ്പോള്‍ ജമീമ റോഡ്രിഗസാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. 33 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 69 റണ്‍സാണ് താരം പുറത്താകാതെ നേടിയത്. മുംബൈ ബൗളിങ്ങില്‍ ഷബ്‌നിം ഇസ്മയില്‍, സൈഖാ ഇഷാഖ്, പൂജാ വസ്ത്രാക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ മുംബൈ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ് 29 റണ്‍സ് നേടിയപ്പോള്‍ യാസ്തിക ബാട്ടിയ (6), നാറ്റ് സ്‌കൈവര്‍ ബ്രണ്ട് (5), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (6) എന്നിവര്‍ നിരാശ സമ്മാനിച്ചാണ് പുറത്തായത്. തുടര്‍ന്ന് അമേലിയ കെര്‍, പൂജ വസ്ത്രാക്കര്‍ എന്നിവര്‍ 17 റണ്‍സ് നേടിയപ്പോള്‍ അമന്‍ ജോദ് കൗര്‍ 47 റണ്‍സില്‍ പിടിച്ചു നിന്നു. സജന സജീവന്‍ 14 പന്തില്‍ 24 റണ്‍സ് നേടി പുറത്താകാതെ നിന്നു. ദല്‍ഹിയുടെ ജസ് ജോണ്‍സന്‍ മൂന്ന് വിക്കറ്റുകള്‍ നേടിപ്പോള്‍ മിര്‍സാന കാപ് രണ്ട് വിക്കറ്റുകള്‍ നേടി വിജയം എളുപ്പമാക്കി.
Content highlight: Delhi Capitals In Record Achievement In W.P.L