|

ഞാന്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കാറില്ല, അത് ഒരു കെട്ടുകഥ; തുറന്ന് പറഞ്ഞ് സ്റ്റാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിയിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഈ സ്‌കോറിലെത്തുകയായിരുന്നു. 20-ാം ഓവര്‍ എറിഞ്ഞ ദല്‍ഹിയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒമ്പത് റണ്‍സ് ഡിഫന്‍ഡ് ചെയ്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ട്ടപ്പെട്ട് 11 റണ്‍സാണ് എടുത്തത്. ദല്‍ഹിക്കായി സൂപ്പര്‍ ഓവറിലും പന്തെറിഞ്ഞത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു. ഓസ്ട്രേലിയന്‍ പേസറുടെ യോര്‍ക്കറുകള്‍ രാജസ്ഥാന്‍ താരങ്ങളെ വെള്ളം കുടിപ്പിക്കുന്നതായിരുന്നു. ഇതോടെ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യുന്നുവെന്ന രീതിയില്‍ കമന്ററി ബോക്‌സില്‍ നിന്ന് വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ദല്‍ഹി ക്യാപിറ്റല്‍സ് താരമായ മിച്ചല്‍ സ്റ്റാര്‍ക്ക്. താന്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കാറില്ലെന്നും അത് ഉപോഗിക്കുന്നതുകൊണ്ട് ഗുണങ്ങള്‍ ഉണ്ടെന്നതെന്ന് കെട്ടുകഥയാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. വിയര്‍പ്പും ഉമിനീരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തനിക്കറിയില്ലയെന്നും റെഡ് ബോളില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് വ്യത്യാസമുണ്ടാക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അത് ഉപയോഗിക്കാറില്ല. പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നത് ഒരു കെട്ടുകഥയാണെന്ന് ഞാന്‍ കരുതുന്നു. ചിലര്‍ അത് ഗുണം ചെയ്യുമെന്ന് വലിയ രീതിയില്‍ കരുതുന്നു. വിയര്‍പ്പും ഉമിനീരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എനിക്കറിയില്ല.

ഉമിനീര്‍ ഉപയോഗിക്കുന്നത് എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. റെഡ് ബോളില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് വ്യത്യാസമുണ്ടാക്കും. വൈറ്റ് ബോളില്‍ ഇത് ഒരു വ്യത്യാസമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ സ്റ്റാര്‍ക്ക് പറഞ്ഞു.

2020ല്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഐ.സി.സി പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ബി.സി.സി.ഐ ആ നിയമം എടുത്തു കളഞ്ഞിരുന്നു.

ഐ.പി.എല്ലിന് മുമ്പ് പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിന് വിലക്ക് വന്നതോടെ റിവേഴ്സ് സ്വിങ് ലഭിക്കുന്നില്ലായെന്നും ഈ നിയമം എടുത്തുകളയണമെന്നും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Delhi Capitals fast bowler Mitchell Starc talks about the use of saliva on the ball in cricket