രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശപ്പോരിന് ശേഷം ഇന്ത്യയിൽ ആഭ്യന്തര ടി-20 ലീഗായ ഐ.പി.എൽ ആരംഭിക്കാനൊരുങ്ങുകയാണ്.
മാർച്ച് 31 മുതലാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് ആരംഭം കുറിക്കപ്പെടുന്നത്.
ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ആരംഭിക്കുന്ന പ്രീമിയർ ലീഗ് പോരാട്ടങ്ങൾ മെയ് 28ന് അവസാനിക്കും.
പത്ത് ടീമുകളാണ് ഈ വർഷത്തെ പ്രീമിയർ ലീഗ് പോരാട്ടങ്ങളിൽ പരസ്പരം മത്സരിക്കുക.
എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിൽ ആരംഭിക്കാനിരിക്കുന്ന പതിനാറാമത്തെ എഡിഷനിൽ ദൽഹി ക്യാപിറ്റൽസ് ചാമ്പ്യൻമാരാകില്ല എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
ദൽഹി ക്യാപിറ്റൽസിലെ തന്റെ സാധ്യതാ ഇലവനെ പ്രഖ്യാപിച്ചുകൊണ്ടാണ് ടീം ഇത്തവണ കപ്പടിക്കില്ലെന്ന് ആകാശ് ചോപ്ര പ്രഖ്യാപിച്ചത്. 2020ൽ ഫൈനലിലെത്തിയ ക്യാപിറ്റൽസിന് കിരീടം സ്വന്തമാക്കാനുള്ള സുവർണാവസരം നഷ്ടമായിരുന്നു.
“ഡേവിഡ് വാർണർ, പൃഥ്വി ഷാ, മിച്ചൽ മാർഷ് എന്നിവരായിരിക്കും ദൽഹിയുടെ ടോപ്പ് ഓഡർ ബാറ്റേഴ്സെന്നാണ് ഞാൻ വിചാരിക്കുന്നത്. മനീഷ് പാണ്ഡേ നാലാമതും റിലീ റൂസോയോ റോവ്മാൻ പോവലോ അഞ്ചാമതും ബാറ്റ് ചെയ്യാൻ ഇറങ്ങും.
ആറാം നമ്പറിൽ സർഫ്രാസ് ഖാനോ മറ്റ് ഏതെങ്കിലും കീപ്പേഴ്സോ ഇറങ്ങും,’ ചോപ്ര പറഞ്ഞു.
കൂടാതെ രണ്ട് സ്പിന്നേഴ്സും മൂന്ന് പേസർമാരുമടങ്ങുന്നതായിരിക്കും ദൽഹിയുടെ പേസർമാരുടെ നിരയെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
അതേസമയം 2023 ഐ.പി.എൽ എഡിഷനിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏപ്രിൽ ഒന്നിനാണ് ദൽഹിയുടെ ആദ്യ മത്സരം.