ഐ.പി.എല്‍ 2023ലെ 44ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് റെയ്‌നിങ് ചാമ്പ്യന്‍മാരായ ഗുജറാത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്പിറ്റല്‍സിന് ആദ്യ പന്ത് മുതല്‍ക്കുതന്നെ പിഴച്ചിരുന്നു. ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഫില്‍ സോള്‍ട്ടിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. തന്റെ ക്വാട്ടയിലെ മൂന്ന് ഓവറും പവര്‍പ്ലേക്ക് മുമ്പ് തന്നെ എറിഞ്ഞുതീര്‍ത്ത ഷമി പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റും കൊയ്തിരുന്നു. ഇന്നിങ്‌സിലെ ഏഴാം ഓവറായി തന്റെ അവസാന ഓവര്‍ എറിയാനെത്തിയ ഷമി ആകെ വഴങ്ങിയത് 11 റണ്‍സ് മാത്രമാണ്.
ഷമിക്ക് പുറമെ മോഹിത് ശര്‍മ രണ്ട് വിക്കറ്റും റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ടിന് 130 എന്ന സ്‌കോറിലൊതുങ്ങി.
131 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ടൈറ്റന്‍സിനും മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ ടൈറ്റന്‍സിന് നഷ്ടമായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് സാഹ മടങ്ങിയത്. ആറ് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെയാണ് സാഹ മടങ്ങിയത്.
മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ശുഭ്മന്‍ ഗില്ലിനെയും ഗുജറാത്തിന് നഷ്ടമായി. തന്റെ ആദ്യ പന്തില്‍ തന്നെ ഗില്ലിനെ മടക്കി ആന്റിച്ച് നോര്‍ക്യയാണ് ക്യാപ്പിറ്റല്‍സിനായി അടുത്ത ബ്രേക് ത്രൂ നല്‍കിയത്.
അഞ്ചാം ഓവറിലെ അവസാന പന്തില്‍ വെടിക്കെട്ട് വീരനായ വിജയ് ശങ്കറിനെയും ഹോം ടീമിന് നഷ്ടമായി. ടീം സ്‌കോര്‍ 26ല്‍ നില്‍ക്കവെയാണ് ഇഷാന്ത് ശര്‍മയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് വിജയ് ശങ്കര്‍ പുറത്തായത്.
ഏഴാം ഓവറിലെ നാലാം പന്തില്‍ ഡേവിഡ് മില്ലറും പുറത്തായതോടെ ടൈറ്റന്‍സ് പരുങ്ങലിലായി. ടീം സ്‌കോര്‍ 32ല്‍ നില്‍ക്കവെയാണ് മില്ലറിനെ ടീമിന് നഷ്ടമായത്. ഇത്തവണ വിക്കറ്റ് വീഴ്ത്തിയത് കുല്‍ദീപ് യാദവാണ്.
നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 33ന് നാല് എന്ന നിലയിലാണ് ടൈറ്റന്‍സ്. 15 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സുമായി അഭിനവ് മനോഹറുമാണ് ക്രീസില്‍.
Content highlight: Delhi Capitals bowlers with a brilliant start against Gujarat Titans