| Sunday, 28th April 2019, 7:51 pm

തോല്‍വിയിലേക്ക് തിരിച്ചെത്തി കോഹ്‌ലിയും സംഘവും; വിജയവുമായി ദല്‍ഹി പ്ലേ ഓഫില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: തുടര്‍ച്ചയായി മൂന്നുമത്സരങ്ങള്‍ വിജയിച്ച് ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍വിയിലേക്ക് തള്ളിയിട്ട് ദല്‍ഹി കാപിറ്റല്‍സ് പ്ലേ ഓഫില്‍ കടന്നു. മികച്ച സ്‌കോര്‍ പിറന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ദല്‍ഹിയുടെ വിജയം.

സ്‌കോര്‍: ദല്‍ഹി ക്യാപിറ്റല്‍സ്- 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സ്. ബെംഗളൂരു- 20 ഓവറില്‍ ഏഴ് വിക്കറ്റിന് 171 റണ്‍സ്.

ഐ.പി.എല്ലില്‍ കുറേ മത്സരങ്ങള്‍ക്കുശേഷം ടോസ് നേടിയ ടീം ബാറ്റിങ് തെരഞ്ഞെടുത്തുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ശിഖര്‍ ധവാന്‍ (50), ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ (52) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ 13 പന്തില്‍ നിന്ന് 28 റണ്‍സ് അടിച്ച ഷെര്‍ഫേന്‍ റൂഥര്‍ഫോഡും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

ബെംഗളൂരുവിനുവേണ്ടി രണ്ട് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹല്‍, ഓരോ വിക്കറ്റ് വീതമെടുത്ത ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ ബൗളിങ്ങില്‍ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഭേദപ്പെട്ടതായിരുന്നെങ്കിലും മധ്യനിരയ്ക്ക് കാര്യമായൊന്നും ചെയ്യാനാകാതെ പോയി. പാര്‍ഥിവ് പട്ടേല്‍ (39), വിരാട് കോഹ്‌ലി (23) എന്നിവര്‍ ഓപ്പണിങ്ങില്‍ തിളങ്ങി.

അടുത്ത പോരാട്ടം മാര്‍ക്ക്‌സ് സ്‌റ്റോയിനസ് (32), ഗുര്‍കീരാത് സിങ് മന്‍ (27) എന്നിവരുടേതായിരുന്നു. എന്നാല്‍ ആവശ്യമായ ഇടവേളകളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിയാതെ പോയത് ബെംഗളൂരുവിനു വിനയായി.

ദല്‍ഹിക്കുവേണ്ടി രണ്ട് വിക്കറ്റ് വീതം നേടിയ കാഗിസോ റബാഡ, അമിത് മിശ്ര എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോഡ് എന്നിവരും ബൗളിങ്ങില്‍ തിളങ്ങി.

ദല്‍ഹി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിലായിരുന്നു മത്സരം.

12 മത്സരങ്ങളില്‍ നിന്ന് നാലുജയം മാത്രമുള്ള ബെംഗളൂരു ഇപ്പോള്‍ അവസാന സ്ഥാനത്താണ്. അതേസമയം വിജയത്തോടെ ദല്‍ഹി 12 മത്സരങ്ങളില്‍ നിന്ന് എട്ടാംജയവുമായി ഒന്നാംസ്ഥാനത്തെത്തി.

ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ മൂന്നാംസ്ഥാനത്തും കൊല്‍ക്കത്ത ഏഴാംസ്ഥാനത്തുമാണ്.

We use cookies to give you the best possible experience. Learn more