വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഒരു റണ്‍സിന് പരാജയപ്പെടുത്തി ദല്‍ഹി ക്യാപ്പിറ്റല്‍സ്.
വുമണ്‍സ് പ്രമീയര്‍ ലീഗില്‍ രണ്ടാം തവണയാണ് ഒരു ടീം ഒരു റണ്‍സിന് വിജയിക്കുന്നത്. ഇതിനുമുമ്പ് ഈ സീസണില്‍ തന്നെ യു.പി വാറിയേഴ്‌സ് ദല്‍ഹിയെ ആയിരുന്നു ഒരു റണ്‍സിന് പരാജയപ്പെടുത്തിയത്.
ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.
36 പന്തില്‍ 58 റണ്‍സ് നേടിയ ജമീമ റോഡ്രിഗസിന്റെയും 32 പന്തില്‍ 48 റണ്‍സ് നേടിയ അലിസ ക്യാപ്‌സിയുടെ ബാറ്റിങ് കരുത്തിലാണ് ദല്‍ഹി മികച്ച ടോട്ടല്‍ നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജെമീമയുടെ ഇന്നിങ്‌സ്. ക്യാപ്‌സിയുടെ ബാറ്റില്‍ നിന്നും എട്ട് ഫോറുകളും പിറന്നു.
ബെംഗളൂരു ബൗളിങ് നിരയില്‍ ശ്രേയങ്ക പാട്ടീല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തി. നാലു ഓവറില്‍ 26 റണ്‍സ് വിട്ടു നല്‍കിയാണ് താരം നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ശോഭന ആശ ഒരു വിക്കറ്റും വീഴ്ത്തി.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടാനാണ് സാധിച്ചത്.
റിച്ച ഘോഷ് 29 പന്തില്‍ 51 റണ്‍സും എലീസ് പെറി 32 പന്തില്‍ 49 റണ്‍സും സോഫി മോളിന്യൂക്‌സ് 30 പന്തില്‍ 33 റണ്‍സും നേടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും ഒരു റണ്‍സിന് ബെംഗളൂരു പരാജയപ്പെടുകയായിരുന്നു.
ദല്‍ഹി ബൗളിങ്ങില്‍ മാരിസാനെ കാപ്പ്, അലിസ ക്യാപ്‌സി, ശിഖ പാണ്ടെ, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വീതം വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും രണ്ട് തോല്‍വിയും അടക്കം പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ദല്‍ഹി. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും നാലു തോല്‍വിയും അടക്കം ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു.
Content Highlight: Delhi Capitals beat Royal Challengers Bangalore in WPL