2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താര ലേലങ്ങളും നടപടി ക്രമങ്ങളുമെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇനി അറിയേണ്ടത് ഓരോ ടീമിന്റെയും ലൈന്‍ അപ്പുകളും അതിലുപരി ഓരോ ടീമിന്റെയും തലവനാകാന്‍ സാധ്യത ആരെന്നുമാണ്. ക്രിക്കറ്റ് ആരാധകരെല്ലാം ഉറ്റുനോക്കുന്ന മുന്‍ നിര ടീമുകളിലെ പ്രധാനിയാണ് ദല്‍ഹി ക്യാപിറ്റല്‍സ് (ഡി.സി).
ഡി.സിയില്‍ ഇനി അറിയേണ്ടത് ആരാകും ക്യാപ്റ്റന്‍ എന്നാണ്. 2021 -22 ലും, 2024 സീസണിലും ദല്‍ഹിയെ നയിച്ചിരുന്നത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ഋഷബ് പന്ത് ആയിരുന്നു.
2025 ഐ.പി.എല്‍ സീസണിലേക്കുള്ള മെഗാ താര ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി ഋഷബിനെ ലേലത്തില്‍ വിട്ടിരുന്നു. എന്നാല്‍ താരലേലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെയും കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍മാരെ സ്വന്തമാക്കിയ ദല്‍ഹിക് ഇനി ആരെ ക്യാപ്റ്റന്‍ ആക്കണമെന്ന് മാത്രം ചിന്തിച്ചാല്‍ മതി.
ഡി.സിയുടെ ക്യാപ്റ്റനെ പറ്റി പല സൂചനകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ ഡി.സി ഉടമ കെ.എല്‍. രാഹുലുമായി സംസാരിച്ചതാണ്. രാഹുല്‍ തനിക്ക് സുഹൃത്തും ഇഷ്ട്ട താരവുമാണെന്ന് ഫ്രഞ്ചൈസി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ ക്യാപ്റ്റനായിരുന്ന രാഹുലിന് ദല്‍ഹിയിലും ക്യാപ്റ്റനാവാനുള്ള സാധ്യത തുറക്കുകയാണ്.
അതേപോലെയാണ് ബെംഗളൂരു താരമായിരുന്ന ഫാഫ് ഡുപ്ലെസി. 2024 സീസണില്‍ ആര്‍.സി.ബിയെ നയിച്ചത് ഡുപ്ലെസിയാണ്. ഡുപ്ലെസിയോ രാഹുലോ എന്ന ചോദ്യം ഉയരുമ്പോള്‍ സാധ്യത കൂടുതല്‍ കെ.എല്‍. രാഹുലിനാണ്.
ക്യാപ്റ്റന്‍സി ഓപ്ഷനില്‍ പിന്നീടുള്ളത് ദല്‍ഹിയുടെ തന്നെ താരമായ അക്സര്‍ പട്ടേലാണ്. പട്ടേലിന്റെ കാര്യത്തില്‍ ദല്‍ഹിക്കും മാനേജ്‌മെന്റിനും ഒരു പ്രത്യേക പരിഗണന തന്നെ ഉണ്ട്. 2019 മുതല്‍ പട്ടേല്‍ ദല്‍ഹിക്കൊപ്പമുണ്ട്. സ്ഥിരതയാര്‍ന്ന പട്ടേലിന്റെ പ്രകടനം തന്നെയാണ് ഫ്രാഞ്ചൈസിയില്‍ നിലനിര്‍ത്താന്‍ കാരണമായത്.
‘ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുന്നത് അല്‍പ്പം ബുന്ധിമുട്ട് നിറഞ്ഞ കാര്യമാണ്. വളരെക്കാലമായി അക്സര്‍ പട്ടേല്‍ ഫ്രാഞ്ചൈസിക്കൊപ്പമുണ്ട്, കഴിഞ്ഞ സീസണില്‍ അദ്ദേഹം വൈസ് ക്യാപ്റ്റന്‍ ആയിരുന്നു. അതിനാല്‍ അത് അക്‌സര്‍ ആകുമോ അതോ മറ്റാരെങ്കിലും ആകുമോ എന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല,’ ഡി.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.
Content Highlight: Delhi Capitals Aim K.L Rahul For 2025 IPL Captain For The Team