| Saturday, 15th April 2023, 7:20 pm

വന്നവര്‍ക്കും പോയവര്‍ക്കും രണ്ട് പോയിന്റ് വെച്ച് നല്‍കുന്ന ആ മനസ്; 'അടിവാരം യുണൈറ്റഡിലെ' പ്രധാനികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വീണ്ടും തോല്‍വിയേറ്റുവാങ്ങി ദല്‍ഹി ക്യാപ്പിറ്റല്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് അവരുടെ തട്ടകത്തിലെത്തിയാണ് ക്യാപ്പിറ്റല്‍സ് സീസണിലെ തങ്ങളുടെ അഞ്ചാം തോല്‍വിയും ഏറ്റവുവാങ്ങിയിരിക്കുന്നത്.

ഐ.പി.എല്‍ 2023ലെ 20ാം മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ തോല്‍വി.

നേരത്തെ ടോസ് നേടിയ ദല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആര്‍.സി.ബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിനായി മുന്‍ നായകന്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 34 പന്തില്‍ നിന്നും 50 റണ്‍സാണ് താരം നേടിയത്.

വിരാടിന് പുറമെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ തങ്ങളുടെ സംഭാവനകളും നല്‍കിയപ്പോള്‍ ആര്‍.സി.ബി സ്‌കോര്‍ 174ലെത്തി.

175 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ക്യാപ്പിറ്റല്‍സിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റിരുന്നു. ടീം സ്‌കോറില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ മുന്ന് മുന്‍നിര വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും 53ല്‍ നില്‍ക്കവെ അഞ്ചാമനായി അഭിഷേക് പോറലും പുറത്തായി.

നാലാമനായി ക്രീസിലെത്തി അര്‍ധ സെഞ്ച്വറി തികച്ച മനീഷ് പാണ്ഡേയുടെ ഇന്നിങ്‌സ് മാത്രമാണ് ക്യാപ്പിറ്റല്‍സ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ബാക്കിയുണ്ടായിരുന്നത്.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലും യുവതാരം അമന്‍ ഹക്കീം ഖാനും പൊരുതിയെങ്കിലും വിജയത്തിനടുത്തെത്താന്‍ പോലും അതൊന്നും പോരാതെ വരികയായിരുന്നു.

അവസാന ഓവറില്‍ ടീമിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയ ആന്റിച്ച് നോര്‍ക്യയുടെ ഇന്നിങ്‌സും ശ്രദ്ധേയമായിരുന്നു. കോടികള്‍ കൊടുത്ത് ടീമിലെത്തിച്ച പല വമ്പന്‍മാരും പരാജയമാകുമ്പോഴാണ് വാലറ്റക്കാര്‍ സ്‌കോറിങ്ങില്‍ തങ്ങളുടെ ഭാഗം ഗംഭീരമാക്കുന്നത്.

ഈ സീസണില്‍ ഒറ്റ മത്സരം പോലും വിജയിക്കാത്ത ഏക ടീമാണ് ക്യാപ്പിറ്റല്‍സ്. ഏപ്രില്‍ 20നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Content highlight: Delhi Capital’s 5th lost in IPL 2023

We use cookies to give you the best possible experience. Learn more