ന്യൂദല്‍ഹി: ദീപാവലിക്ക് മുന്നോടിയായി ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതായി പ്രദേശവാസികള്‍. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാല്‍ ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
ദല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ നില ഏറ്റവും മോശം നിലയിലാണെന്നും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 352 ആയി രേഖപ്പെടുത്തിയതായും വായുവിന്റെ ഗുണനിലവാരം വളരെ വഷളായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആനന്ദ് വിഹാര്‍ പോലുള്ള സ്ഥലങ്ങളിലെ എയര്‍ ക്വാളിറ്റി 400 കടന്നതായും രാവിലെ മുതലുള്ള സമയങ്ങളില്‍ തന്നെ 405 കടന്ന് കടുത്ത വായു മലിനീകരണം ഉണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദല്‍ഹി നഗരം പുക മഞ്ഞിനാല്‍ മൂടപ്പെട്ടിരിക്കുന്നതായും അതിരാവിലെ മുതല്‍ അത് പ്രകടമാണെന്നും മലീനീകരണം ശ്വാസം മുട്ടിക്കുന്ന തരത്തിലേക്ക് നീങ്ങുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങള്‍ക്ക് ശരിയായി ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും മലിനീകരണം കാരണം വേഗത്തില്‍ ശരീരം ക്ഷീണിക്കുന്നുവെന്നും പറഞ്ഞ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുത്തിട്ടും വായു മലിനീകരണം വലിയ തോതില്‍ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഈ കാലയളവില്‍ ജനങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നത് വര്‍ധിച്ചെന്നും ഇതിനാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിവിധികള്‍ കാണുന്നതിന് സര്‍ക്കാര്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും വേണ്ടത്ര ഫലപ്രദമായില്ലെന്നും പൊതുഗതാഗതത്തിന്റെ കാര്യത്തില്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.
ഉത്സവ സീസണിലെ വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി ദല്‍ഹി സര്‍ക്കാര്‍ ജനുവരി ഒന്ന് വരെ പടക്കങ്ങളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചിരുന്നു. റോഡുകളില്‍ വെള്ളം തളിക്കുക, പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിരവധി നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
Content Highlight: Delhi cannot breathe; Air pollution at risk ahead of Diwali