ന്യൂദല്‍ഹി: സാധാരണക്കാരെ നേരില്‍ കണ്ട് എ.എ.പിയുടെ പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായവങ്ങളും, നിര്‍ദേശങ്ങളും ശേഖരിക്കാനൊരുങ്ങി ദല്‍ഹി സര്‍ക്കാര്‍. ദല്‍ഹിയില്‍ എ.എ.പി സര്‍ക്കാര്‍ ആവഷ്‌കരിച്ച പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ട് വിലയിരുത്താനും ഇവരെത്തും.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം, ജനങ്ങളുടെ സര്‍ക്കാരെന്ന വിശേഷണം തിരിച്ചു പിടിക്കാന്‍ ഇറങ്ങുകയാണിവര്‍. അടുത്ത വര്‍ഷം ആദ്യമാണ് ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ്.
വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവടങ്ങിള്‍ മന്ത്രിമാര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വെള്ളം, വൈദ്യുതി, റോഡുകള്‍, ആരോഗ്യമേഖല, പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നിവയുടെ കാര്യക്ഷമതയെക്കുറിച്ചും ഇവര്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരായും.
‘ദിയോളിലും തുഗ്ലക്കാബാദിലും കെജ് രിവാള്‍ പദയാത്രകള്‍ നടത്തിക്കഴിഞ്ഞു. അവിടത്തെ സാധാരണക്കാരുമായി അദ്ദേഹം സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അദ്ദേഹം ദല്‍ഹിയുടെ മറ്റ് ഭാഗങ്ങളിലും സഞ്ചരിക്കുകയും ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് കൂടാതെ വിവിധ ഡിപാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴില്‍ നടക്കുന്ന പ്രൊജക്ടുകള്‍ വിലയിരുത്തുകയും ചെയ്യും’- സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമം, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പണി നടന്നു കൊണ്ടിരിക്കുന്ന ആറ് വിദ്യാലയങ്ങളിലും പണി പൂര്‍ത്തിയായ ഒരിടത്തും സന്ദര്‍ശനം നടത്തിയെന്നും കുറിപ്പില്‍ പറയുന്നു. അദ്ദേഹം ദല്‍ഹിയിലെ മറ്റ് വിദ്യാലയങ്ങളിലേക്കും അംഗന്‍വാടികളിലേക്കും സന്ദര്‍ശനം വ്യാപിക്കുമെന്നും പറയുന്നുണ്ട്.
മന്ത്രിസഭയിലെ മറ്റൊരംഗമായ സത്യേന്ദര്‍ ജെയ്ന്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സമ്പര്‍ക്ക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
നേരത്തെ ദല്‍ഹിയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതി കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കുമ്പോള്‍ ദല്‍ഹി സര്‍ക്കാറിന് ഒരു വര്‍ഷം 700 കോടിയുടെ ബാധ്യത വരുമെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.
ബസുകള്‍, മെട്രോ ട്രെയിനുകള്‍, എന്നിവയിലെല്ലാം സ്ത്രീകള്‍ക്ക് യാത്ര സൗജന്യ യാത്ര അനുവദിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.
ഈ പദ്ധതി നടപ്പിലാക്കാന്‍ ദല്‍ഹി സര്‍ക്കാറിന് കേന്ദ്രസര്‍ക്കാറിന്റെ അനുവാദം വേണ്ടെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.