| Monday, 24th February 2020, 7:37 pm

'നമസ്‌തേ ട്രംപ്, ദല്‍ഹി കത്തിയെരിയുമ്പോഴും 80 ലക്ഷംപേര്‍ അവകാശത്തിനായി പൊരുതിമ്പോഴും നിങ്ങള്‍ സല്‍ക്കാരത്തിന്റെ തിരക്കിലാണല്ലോ'; കേന്ദ്രത്തിനെതിരെ മെഹബൂബ മുഫ്തിയുടെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി കത്തിയെരിയുമ്പോഴും 80 ലക്ഷം കശ്മീരികള്‍ അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുമ്പോഴും രാജ്യത്തെ സര്‍ക്കാര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണെന്ന് വിമര്‍ശിച്ച് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. വിദേശികള്‍ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനെത്തുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയെ ഓര്‍മ്മിക്കാറുള്ളതെന്നും ഇല്‍ത്തിജ വിമര്‍ശിച്ചു.

മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇല്‍ത്തിജ കേന്ദ്രത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 2019 ഓഗസ്റ്റ് അഞ്ചിന് മെഹബൂബ വീട്ടുതടങ്കലിലായതിന് ശേഷം ഇല്‍ത്തിജയാണ് അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന
ത്.

ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടും സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്താത്തതിനെത്തുടര്‍ന്നാണ് ഇല്‍ത്തിജയുടെ വിമര്‍ശനം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗോക്കല്‍പുരി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.

നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more