ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി ദല്‍ഹി സര്‍ക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാര്‍ച്ച് 10ന് ബജറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനക്ക് അയച്ചിരുന്നു. എന്നാല്‍ ബജറ്റിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയുള്ള ഫയല്‍ മാര്‍ച്ച് 20നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയതെന്ന് ദല്‍ഹി ധനമന്ത്രി കൈലാഷ് ഗലോട്ട് ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച ആശങ്കകള്‍ അപ്രസക്തമാണെന്നും, സര്‍ക്കാരിന്റെ ബജറ്റവതരണം തടയാനുള്ള തന്ത്രം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചരിത്രത്തിലാദ്യമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദല്‍ഹി സര്‍ക്കാരിന്റെ ബജറ്റവതരണം തടഞ്ഞു. ബജറ്റിന്റെ പകര്‍പ്പ് മാര്‍ച്ച് 10ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണക്കായി അയച്ചിരുന്നു. എന്നാല്‍ ആശങ്കള്‍ അറിയിച്ചുള്ള മന്ത്രാലയത്തിന്റെ ഫയല്‍ മാര്‍ച്ച് 20ന് വൈകീട്ടാണ് ലഭിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ആശങ്കകള്‍ പരിഗണിച്ച് അതിനുള്ള മറുപടികള്‍ കൃത്യമായി ദല്‍ഹി ഗവര്‍ണര്‍ക്ക് രാത്രി ഒമ്പത് മണിയോടെ കൈമാറിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നയിച്ച ആശങ്കകള്‍ അപ്രസക്തവും അടിസ്ഥാനരഹിതവുമാണ്. ദല്‍ഹി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് അവതരണം തടസപ്പെടുത്താനുള്ള തന്ത്രം മാത്രമാണിത്. ഈ ദിവസം ജനാധിപത്യത്തിന്റെ കരിദിനമാണ്,’ കൈലാഷ് ഗലോട്ട് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആശങ്കകള്‍ ദല്‍ഹി സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാരിന്റെ പ്രതികരണം വൈകുകയാണെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
“17.03.2023ലെ എം.എച്ച്.എ കത്ത് നല്‍കിയ ദേശീയ തലസ്ഥാന പ്രദേശത്തിന്റെ സാമ്പത്തിക താത്പര്യം കണക്കിലെടുത്ത്, ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദിഷ്ട ബജറ്റില്‍ ഭരണപരമായ ചില ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഈ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുള്ള ബജറ്റ് വീണ്ടും സമര്‍പ്പിക്കാന്‍, കഴിഞ്ഞ നാല് ദിവസമായി GNCTD-യില്‍ നിന്നുള്ള മറുപടി കാത്തിരിക്കുകയാണ്.
ദല്‍ഹിയിലെ ജനങ്ങളുടെ പ്രയോജനത്തിനായി, GNCTD ഉടന്‍ മറുപടി സമര്‍പ്പിക്കണം,” ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Delhi budget banned by ministry of home affairs