| Sunday, 11th December 2022, 4:22 pm

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പരാജയം; ദല്‍ഹി ബി.ജെ.പി പ്രസിഡന്റ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ (എം.സി.ഡി) നേരിട്ട വമ്പന്‍ തോല്‍വിക്ക് പിന്നാലെ ദല്‍ഹി ബി.ജെ.പി പ്രസിന്റ് ആദേശ് ഗുപ്ത (Adesh Gupta) രാജിവെച്ചു. ഞായറാഴ്ചയായിരുന്നു ആദേശ് ഗുപ്ത സ്ഥാനത്ത് നിന്നും രാജിവെച്ചത്.

ആദേശ് ഗുപ്തയുടെ രാജി പാര്‍ട്ടിയുടെ ഉന്നതഘടകം സ്വീകരിച്ചതായി മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹി ബി.ജെ.പി വൈസ് പ്രസിഡന്റ്
വീരേന്ദര്‍ സച്‌ദേവക്കായിരിക്കും താല്‍ക്കാലികമായി പ്രസിഡന്റിന്റെ ചുമതല.

”ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ നിര്‍ദേശപ്രകാരം ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ രാജി ഞങ്ങള്‍ അംഗീകരിക്കുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റ് വീരേന്ദര്‍ സച്‌ദേവയെ പ്രസിഡന്റായി നിയമിച്ചു. ഇത് ഉടനടി പ്രാബല്യത്തില്‍ വരും,” ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നു.

ഇന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ചരിത്ര വിജയമാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി നേടിയത്. ആകെയുള്ള 250 സീറ്റുകളില്‍ 134 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി ഭരണം പിടിച്ചെടുത്തത്.

ബി.ജെ.പിക്ക് 104 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 181 സീറ്റുകളായിരുന്നു.

ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് ആം ആദ്മി ഭരണത്തില്‍ വരുന്നത്. 2015ല്‍ 70ല്‍ 67 സീറ്റും നേടി എ.എ.പി സംസ്ഥാന ഭരണം പിടിച്ചപ്പോഴും അതുകഴിഞ്ഞുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന തങ്ങളുടെ കൗണ്‍സിലര്‍മാരെ ബി.ജെ.പി പണം നല്‍കി വിലക്കുവാങ്ങാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി ആപ്പിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഇത്തരത്തില്‍ വൃത്തികെട്ട ഗെയിം കളിക്കുകയാണെന്നും ആം ആദ്മി പറഞ്ഞു.

ആപ്പിന്റെ എം.സി.ഡി കൗണ്‍സിലര്‍മാരെ വാങ്ങാന്‍ 100 കോടി രൂപയുടെ ബജറ്റാണ് ബി.ജെ.പിയുടെ ദല്‍ഹി സംസ്ഥാന പ്രസിഡന്റ് (ഇപ്പോള്‍ രാജിവെച്ച) ആദേശ് കുമാര്‍ ഗുപ്തയും മറ്റ് ബി.ജെ.പി പ്രവര്‍ത്തകരും മാറ്റി വെച്ചതെന്നും സഞ്ജയ് സിങ് ആരോപിച്ചു.

”വൃത്തികെട്ട ഗെയിമാണ് ബി.ജെ.പി കളിക്കുന്നത്. മഹാരാഷ്ട്രയിലും അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗോവയിലും ഗുജറാത്തിലും നടത്തുന്ന പോലത്തെ കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങാന്‍ അതേ സൂത്രവാക്യമാണ് അവര്‍ ദല്‍ഹിയിലും പ്രയോഗിക്കുന്നത്,” സഞ്ജയ് സിങ് പറഞ്ഞു.

Content Highlight: Delhi BJP president Adesh Gupta resigned following defeat in MCD polls

We use cookies to give you the best possible experience. Learn more