ന്യൂദല്‍ഹി: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം തടഞ്ഞ സംഭവം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കെ മോദിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ച് ബി.ജെ.പിയുടെ ദല്‍ഹി ഘടകം.
മോദിയുടെ ദീര്‍ഘായുസിന് വേണ്ടിയാണ് ദല്‍ഹി ബി.ജെ.പി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. വിവിധ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ദല്‍ഹിയിലെ പല ക്ഷേത്രങ്ങളിലായി ബി.ജെ.പി മോദിക്ക് വേണ്ടി പൂജ നടത്തിയത്.
ദല്‍ഹിയിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം കൊനൗട്ടിലെ ശിവക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മഹാമൃത്യുഞ്ജയ മന്ത്രങ്ങള്‍ ജപിക്കുകയും മോദിയുടെ ആയുസിന് വേണ്ടി ഗുഫ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, ദേശീയ വൈസ് പ്രസിഡന്റ് ബയ്ജയന്ത് പാണ്ഡ, ബി.ജെ.പി നേതാക്കളായ ഹര്‍ഷ് മല്‍ഹോത്ര, സിദ്ധാര്‍ത്ഥന്‍ എന്നിവരും ദല്‍ഹിയിലെ പ്രീത് വിഹാര്‍ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെ പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്ന മോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ മോദിയെ കര്‍ഷകര്‍ തടയുകയായിരുന്നു.
ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ പിന്നീട് മഴ കാരണം റോഡ് മാര്‍ഗം പോകുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.