| Sunday, 23rd February 2020, 11:25 pm

കയ്യൊഴിഞ്ഞ് കേന്ദ്ര നേതൃത്വം, കൂട്ടിപ്പിടിക്കാന്‍ നേതാക്കളില്ല; ദല്‍ഹിയില്‍ ബി.ജെ.പിക്ക് അടിപതറുന്നു?

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ദല്‍ഹിയില്‍ ബി.ജെ.പിക്ക് നിറം മങ്ങുന്നെന്ന് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസ്ഥാന നേതൃത്വത്തെ ചൊല്ലി ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാതവണയും അവര്‍ക്കുവേണ്ടി വിജയിക്കുമെന്ന് പ്രവര്‍ത്തകര്‍ കരുതരുതെന്നാണ് സംസ്ഥാത്തെ ഇപ്പോഴത്തെ മോശം നിലവാരത്തെ വിലയിരുത്തി ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിഴലില്‍ വിജയിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നാണ് മുഖപത്രത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ നാല് വര്‍ഷമായി മനോജ് തിവാരിയാണ് ദല്‍ഹി ബി.ജെ.പിയുടെ അമരക്കാരന്‍. തിവാരി ആ സ്ഥാനത്ത് പ്രാപ്തനല്ലെന്നാണ് അടിക്കടിയുണ്ടാകുന്ന തോല്‍വിയില്‍നിന്നും മനസിലാക്കേണ്ടതെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ഉണ്ടാവുന്നുണ്ട്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ നോക്കിയാല്‍തന്നെ വ്യക്തവുമാണ്. ഉത്തര്‍പ്രദേശില്‍ എസ്.പിക്കൊപ്പമായിരുന്നു മനോജ് തിവാരി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പിന്നീട് എസ്.പിയില്‍നിന്നും പിണങ്ങി കോണ്‍ഗ്രസില്‍ ചേര്‍ന്നു. അവിടെനിന്നും കൂറുമാറിയാണ് അദ്ദേഹം ഒടുവില്‍ ബി.ജെ.പിയില്‍ എത്തിയത്.

തിവാരിയുടെ മാത്രമല്ല, ഇത്തവണത്തെ ദല്‍ഹി തെരഞ്ഞടുപ്പ് പ്രചാരണ വേദികളിലെല്ലാം ബി.ജെ.പി നേതാക്കള്‍ അച്ചടക്കമില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. വ്യക്തി അധിക്ഷേപങ്ങളിലും വിദ്വേഷ പ്രചരണങ്ങളിലുമായി മിക്കവരുടെയും പ്രസംഗങ്ങള്‍ ഒതുങ്ങി. പ്രത്യേകിച്ച് രാഷ്ട്രീയം പറയാത്തതാണ് ബി.ജെ.പിയെ ജനം പിന്നില്‍നിന്ന് തള്ളിയതിന് കാറണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മദന്‍ലാല്‍ ഖുരാന, കിദാര്‍നാഥ് സാഹ്നി, വിജയ് കുമാര്‍ മല്‍ഹോത്ര, ഒ.പി കോഹ്ലി തുടങ്ങിയ നേതാക്കള്‍ക്ക് മുമ്പ് ദല്‍ഹിയിലെ സാധാരണക്കാരുമായും തൊഴിലാളികളുമായും നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇതായിരുന്നു പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വേരോട്ടം നല്‍കിയിരുന്നതും. എന്നാല്‍, ഇപ്പോഴത്തെ നേതാക്കള്‍ സാധാരണക്കാരില്‍നിന്നും ഒരുപാട് അകലെയാണെന്നും ജനമനസുകളില്‍ അവര്‍ക്ക് ഇടംപിടിക്കാനാവുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനമുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുക്കാന്‍ കേന്ദ്ര നേതൃത്വം കാര്യമായ മുന്‍കൈകളൊന്നും എടുത്തിട്ടില്ല. പ്രാദേശിക പ്രവര്‍ചത്തകരില്‍നിന്നും നേതാക്കളെ കണ്ടെത്താന്‍ മനോജ് തിവാരിക്കും സംഘത്തിനും കഴിഞ്ഞിട്ടുമില്ല. പാര്‍ട്ടിക്ക് ഇനിയൊരു തെരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കയും പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more