നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ദല്‍ഹിയില്‍ ബി.ജെ.പിക്ക് നിറം മങ്ങുന്നെന്ന് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസ്ഥാന നേതൃത്വത്തെ ചൊല്ലി ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാതവണയും അവര്‍ക്കുവേണ്ടി വിജയിക്കുമെന്ന് പ്രവര്‍ത്തകര്‍ കരുതരുതെന്നാണ് സംസ്ഥാത്തെ ഇപ്പോഴത്തെ മോശം നിലവാരത്തെ വിലയിരുത്തി ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിഴലില്‍ വിജയിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നാണ് മുഖപത്രത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ നാല് വര്‍ഷമായി മനോജ് തിവാരിയാണ് ദല്‍ഹി ബി.ജെ.പിയുടെ അമരക്കാരന്‍. തിവാരി ആ സ്ഥാനത്ത് പ്രാപ്തനല്ലെന്നാണ് അടിക്കടിയുണ്ടാകുന്ന തോല്‍വിയില്‍നിന്നും മനസിലാക്കേണ്ടതെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ഉണ്ടാവുന്നുണ്ട്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ നോക്കിയാല്‍തന്നെ വ്യക്തവുമാണ്. ഉത്തര്‍പ്രദേശില്‍ എസ്.പിക്കൊപ്പമായിരുന്നു മനോജ് തിവാരി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പിന്നീട് എസ്.പിയില്‍നിന്നും പിണങ്ങി കോണ്‍ഗ്രസില്‍ ചേര്‍ന്നു. അവിടെനിന്നും കൂറുമാറിയാണ് അദ്ദേഹം ഒടുവില്‍ ബി.ജെ.പിയില്‍ എത്തിയത്.
തിവാരിയുടെ മാത്രമല്ല, ഇത്തവണത്തെ ദല്‍ഹി തെരഞ്ഞടുപ്പ് പ്രചാരണ വേദികളിലെല്ലാം ബി.ജെ.പി നേതാക്കള്‍ അച്ചടക്കമില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. വ്യക്തി അധിക്ഷേപങ്ങളിലും വിദ്വേഷ പ്രചരണങ്ങളിലുമായി മിക്കവരുടെയും പ്രസംഗങ്ങള്‍ ഒതുങ്ങി. പ്രത്യേകിച്ച് രാഷ്ട്രീയം പറയാത്തതാണ് ബി.ജെ.പിയെ ജനം പിന്നില്‍നിന്ന് തള്ളിയതിന് കാറണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.