|

ഉത്തരവാദിത്തപ്പെട്ട ജോലിയൊന്നുമില്ല, അവഗണന മാത്രം; പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് അടിച്ച് ദല്‍ഹി ബി.ജെ.പി. നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ബി.ജെ.പിയില്‍ തര്‍ക്കങ്ങള്‍ മുറുകുന്നു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് നേതൃത്വത്തോട് അതൃപ്തി രേഖപ്പെടുത്തി നേതാക്കള്‍ എത്തിയിരിക്കുന്നത്.

ബി.ജെ.പി. വക്താക്കളായ തജീന്ദര്‍ ബാഗ, ഹരീഷ് ഖുരാന എന്നിവര്‍ സംസ്ഥാന നേതൃത്വവുമായി സ്വരചേര്‍ച്ചയിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങളോ ഉത്തരവാദിത്തമോ നല്‍കുന്നില്ലെന്നാണ് ഇരുവരുടെയും ആരോപണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഏഴ് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള തജീന്ദര്‍ ബാഗ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബി.ജെ.പി. വക്താവ് എന്നത് റിമൂവ് ചെയ്തിരുന്നു. യുവജന വിഭാഗം പ്രസിഡന്റാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ നടപടിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച തജീന്ദര്‍ ബാഗ വക്താക്കള്‍ക്കുള്ളതടക്കം വിവിധ ബി.ജെ.പി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് ചെയ്‌തെന്നും പിന്നീട് നേതാക്കള്‍ ചേര്‍ത്തെങ്കിലും അദ്ദേഹം വീണ്ടും പുറത്തുപോകുകയായിരുന്നെന്നും മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താനല്ല, പാര്‍ട്ടിയാണ് മറുപടി പറയേണ്ടതെന്നാണ് തജീന്ദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഹരീഷ് ഖുരാനയും ബി.ജെ.പി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നെല്ലാം പുറത്തുപോയിരിക്കുകയാണ്. ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുടെ മകനും മുതിര്‍ന്ന നേതാവുമായിട്ടും തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് ഹരീഷ് ഖുരാന ഉന്നയിക്കുന്നത്.

തജീന്ദര്‍ ബാഗ,  ഹരീഷ് ഖുരാന

പത്ത് വര്‍ഷം വക്താവായി തുടര്‍ന്ന ശേഷവും പാര്‍ട്ടി പദവികളിലേക്കോ എം.എല്‍.എ. സ്ഥാനത്തേക്കോ പരിഗണിക്കാതെ നേതൃത്വം അവഗണിക്കുകയാണെന്നും ഹരീഷ് ഖുരാന ആരോപിച്ചിരുന്നു.

ഹരീഷ് ഖുരാന വാട്‌സാപ്പ് ഗ്രൂപ്പിലുണ്ടെന്നും തജീന്ദര്‍ പുതിയ ഫോണ്‍ എടുത്തതു കൊണ്ടായിരിക്കാം ഗ്രൂപ്പുകളിലില്ലാത്തതെന്നുമാണ് ദല്‍ഹി ബി.ജെ.പി. മാധ്യമ വിഭാഗം തലവന്‍ നവീന്‍ കുമാര്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Delhi BJP faces trouble as leaders left whatsapp groups and threatens to leave party