| Monday, 25th May 2020, 4:28 pm

മാസ്‌ക്കുമില്ല, സാമൂഹിക അകലവുമില്ല; ദല്‍ഹിയില്‍ നിന്നും ഹരിയാനയിലെത്തി ബി.ജെ.പി എം.പി മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി; ആളുകള്‍ക്കൊപ്പം ഫോട്ടോ സെഷനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബി.ജെ.പി എം.പിയും ദല്‍ഹി അധ്യക്ഷനുമായ മനോജ് തിവാരി. ഹരിയാന സോനിപ്പത്തിലെ സ്വകാര്യ സ്റ്റേഡിയത്തിലെത്തിയ എം.പി സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുകയായിരുന്നു.

പൊതുയിടങ്ങളില്‍ ഇറങ്ങുന്ന ആളുകള്‍ കര്‍ശനമായും മാസ്‌ക് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചായിരുന്നു എം.പിയുടെ നടപടി. ഇതിനിടെ പാട്ടുപാടുകയും ഫോട്ടോ സെഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു മനോജ് തിവാരി. സ്‌റ്റേഡിയത്തിലെത്തിയ ആളുകളുമായി സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു എം.പിയുടെ ഇടപെടല്‍.

സോനിപ്പത്തിലെ ഷെയ്ക്ക്പുര സ്വകാര്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടകനായാണ് മനോജ് തിവാരിയെ ക്ഷണിച്ചത്. ദല്‍ഹിയിലും ഹരിയാനയിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് പുറത്ത് നിന്നും ആളുകള്‍ എത്താതിരിക്കാന്‍ അതിര്‍ത്തിയടക്കം അടച്ച് ഹരിയാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ദല്‍ഹിയില്‍ നിന്നും മനോജ് തിവാരി സംസ്ഥാനത്ത് എത്തിയത്.

മാത്രമല്ല കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലെ സോനിപ്പത്ത്, ഫരീബാദ്, ഗുരുഗ്രാം എന്നീ ജില്ലകള്‍ റെഡ് സോണിലേക്ക് മാറ്റിയിട്ടുണ്ടുമുണ്ടായിരുന്നു. ഇവിടെയാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് കളി സംഘടിപ്പിച്ചത്.

എന്നാല്‍ മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി സ്‌റ്റേഡിയം അധികൃതര്‍ രംഗത്തെത്തി.
മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രിക്കറ്റ് കളി സംഘടിപ്പിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം.

അതേസമയം സമൂഹമാധ്യമങ്ങളില്‍ എം.പിയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മാസ്‌ക് പോലും ധരിക്കാതെ സ്‌റ്റേഡിയത്തില്‍ എത്തിയ എം.പി ആളുകള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ഇത്രയും വലിയ മഹാമാരിയെ രാജ്യം നേരിടുന്ന അവസ്ഥയില്‍ ജനപ്രതിനിധിയെന്ന നിലയിലുള്ള ഉത്തരവാദിത്തം താങ്കള്‍ കാണിക്കേണ്ടിയിരുന്നെന്നുമാണ് ചിലര്‍ പ്രതികരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more