ഫിറോസ്ഷാ കോട്‌ല: ഐ.പി.എല്‍ 11 ാം സീസണില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 11 റണ്‍സിനാണ് മുംബൈയുടെ തോല്‍വി. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ അവസാന ഓവറില്‍ എല്ലാവരും പുറത്താകുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കുവേണ്ടി ലൂയിസും ഹാര്‍ദിക് പാണ്ഡ്യയും ബെന്‍ കട്ടിംഗും മാത്രമെ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചൊള്ളൂ. ലൂയിസ് 48 റണ്‍സും പാണ്ഡ്യ 27 റണ്‍സുമെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കട്ടിംഗ് 37 റണ്‍സെടുത്തു.
ഡല്‍ഹിക്കുവേണ്ടി അമിത് മിശ്രയും സ്ന്ദീപ് ലാമിച്ചാനെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി റിഷഭ് പന്തിന്റെ അര്‍ധസെഞ്ച്വറി മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഓപ്പണര്‍മാരായ പൃഥ്വി ഷാ 12 റണ്‍സിനും ഗ്ലെന്‍ മാക്‌സ് വെല്‍ 22 റണ്‍സിനും നായകന്‍ ശ്രേയസ് അയ്യര്‍ 6 റണ്‍സിനും പുറത്തായപ്പോള്‍ റിഷഭ് പന്ത് ഒരറ്റത്ത് ഉറച്ചുനിന്നു. വിജയ് ശങ്കറും ഉറച്ച പിന്തുണ നല്‍കിയെങ്കിലും സ്‌കോറിംഗ് വേഗം കൂട്ടാനായില്ല.
റിഷഭ് പന്ത് 64 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിജയ് ശങ്കര്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മുംബൈയ്ക്കായി ക്രുണാള്‍ പാണ്ഡ്യയും ജസ്പ്രിത് ബുംറയും മയാങ്ക് മര്‍ക്കണ്ടെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.