ന്യൂദല്‍ഹി: ദല്‍ഹി കലാപ കേസില്‍ നീതിയുക്തമായ നിലപാട് സ്വീകരിക്കുകയും ദല്‍ഹി പൊലീസിനെതിരെ ആഞ്ഞടിക്കുകയും ചെയ്ത ജസ്റ്റിസ് എസ് മുരളീധറിന് പ്രൗഡഗംഭീര യാത്രയയപ്പ് നല്‍കി ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍. കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഹരിയാന ഹൈക്കോടതിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ജസ്റ്റസ് എസ്. മുരളീധറിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയത്.
മുന്‍പ് സ്ഥലം മാറ്റം ലഭിച്ച് പോയ മറ്റൊരു ജഡ്ജിക്കും ലഭിക്കാത്ത തരത്തില്‍ അഭിഭാഷക പങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരുന്നു യാത്രയയപ്പെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു.
തന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തും അനുഭവങ്ങള്‍ പങ്കുവെച്ചുമാണ് അദ്ദേഹം ദല്‍ഹി ഹൈക്കോടതിയുടെ പടിയിറങ്ങിയത്. സത്യത്തോടൊപ്പം എക്കാലത്തും നിലനില്‍ക്കുക നീതി നടപ്പിലാകുക തന്നെ ചെയ്യുമെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞു.
യാദൃശ്ചികമായാണ് നിയമ രംഗത്ത് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി കലാപ കേസിലെ ജസ്റ്റിസ് എസ്.മുരളീധറിന്റെ നീതിയുക്തമായ ഇടപെടലുകളാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
ദല്‍ഹി കലാപകേസ് പരിഗണിച്ച അന്ന് തന്നെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറില്‍ നിന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് വിദ്വേഷ പ്രസംഗ കേസ് മാറ്റിയിരുന്നു.
1984 ല്‍ ചെന്നൈയില്‍ അഡ്വക്കേറ്റായാണ് മുരളീധറിന്റെ നിയമജീവിതം ആരംഭിക്കുന്നത്. 1987 ല്‍ ദല്‍ഹിയിലെത്തിയ അദ്ദേഹം സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും എത്തി. ഭോപ്പാല്‍ വാതക ദുരന്തത്തിലും നര്‍മ്മദ അണക്കെട്ടിന് വേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം നടത്തിയ നിയമഇടപെടലുകള്‍ ശ്രദ്ധേയമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ മനുഷ്യാവകാശ കമ്മീഷനിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമകമ്മീഷന്റെ പാര്‍ട്ട് ടൈം അംഗമായും മുരളീധര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ലാണ് അദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭീമ കൊറൊഗാവ് കേസില്‍ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലഖയുടെ റിമാന്‍ഡ് പിന്‍വലിച്ചതും 1984 ലെ സിഖ് കലാപത്തിലെ പ്രതി സജ്ജന്‍കുമാറിനെ ശിക്ഷിച്ചതും അദ്ദേഹം ജഡ്ജിയായി നിയമിതനായപ്പോള്‍ തുടക്കകാലത്തെ ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു.2009 ല്‍ മുരളീധര്‍ കൂടി അംഗമായ ബെഞ്ചാണ് സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമല്ലാതാക്കിയത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പൊതുതാല്‍പര്യ ഹരജി രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ഹരജിയാണെന്നു വിധി പറഞ്ഞതും ജസ്റ്റീസ് മുരളീധറായിരുന്നു.