ന്യൂദൽഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിനായി പടക്കങ്ങൾ നിരോധിച്ച് ദൽഹി സർക്കാർ. ശൈത്യകാലം അടുക്കുമ്പോൾ മലിനീകരണ തോത് ഉയരുമെന്നതിനാലാണ് സർക്കാരിന്റെ ഈ നീക്കം.
ദൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇക്കാര്യം പ്രഖ്യാപിക്കുകയും വായു മലിനീകരണം തടയാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ദൽഹി നിവാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
‘ശൈത്യകാലത്ത് വർധിച്ച് വരുന്ന മലിനീകരണം കണക്കിലെടുത്ത്, ഇന്ന് മുതൽ 2025 ജനുവരി 1 വരെ പടക്കങ്ങളുടെ ഉത്പാദനം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദൽഹി സർക്കാർ നിരോധനം സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ദൽഹിക്കാരിൽ നിന്നും സഹകരണം അഭ്യർത്ഥിക്കുന്നു.
നമുക്ക് കാലാവസ്ഥ മാറ്റാൻ കഴിയില്ല, പക്ഷേ നമ്മൾ ഇന്ന് മുതൽ ജനുവരി 1 വരെ പടക്കങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്,’ ദൽഹി മലിനീകരണ ബോർഡിൻ്റെ നോട്ടീസിനൊപ്പം മന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.
അതോടൊപ്പം നഗരത്തിലുടനീളം പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് അടിയന്തര നിരോധനം ഏർപ്പെടുത്തി, ഇത് ജനുവരി 1 വരെ പ്രാബല്യത്തിൽ വരും. ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമുകളിലൂടെ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള പടക്കങ്ങളുടെ നിർമ്മാണവും സംഭരണവും വിൽപനയും ഇതിലൂടെ നിരോധിച്ചിട്ടുണ്ട്.
പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ദൽഹി മലിനീകരണ നിയന്ത്രണ സമിതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
‘ദൽഹിയിലെ എൻ.സി.ടിയുടെ പ്രദേശത്ത് 01.01.2025 വരെ നിർമ്മാണം, സംഭരണം, വിൽപന , ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഡെലിവറി ഉൾപ്പെടെ എല്ലാത്തരം പടക്കങ്ങൾക്കും സമ്പൂർണ നിരോധനം ഉണ്ടായിരിക്കും,’ പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
നിരോധനം കർശനമായി നടപ്പാക്കാനും നടപടി സ്വീകരിച്ചതിൻ്റെ റിപ്പോർട്ട് ദിവസേന സമിതിക്ക് സമർപ്പിക്കാനും ദൽഹി പോലീസിനോട് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദസറ കഴിഞ്ഞതോടെ ദൽഹിയുടെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) 224 ൽ എത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള എ.ക്യു.ഐ ബുള്ളറ്റിൻ പറഞ്ഞിരുന്നു. അതോടെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജി.ആർ.എ.പി) സ്റ്റേജ് ഒന്ന് പ്രകാരം വായുമലിനീകരണ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
എ.ക്യു.ഐ 200 കടന്നാൽ ഭക്ഷണശാലകളിലും ഹോട്ടലുകളിലും കൽക്കരി, വിറക് എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിക്കണമെന്നും ഇത് നിർബന്ധമാക്കുന്നു.
Content Highlight: Delhi bans firecrackers till January 1 to fight air pollution