|

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനെ തള്ളി ആം ആദ്മിയെ പിന്തുണച്ച് എന്‍.സി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍.സി.പി ശരദ് പവാര്‍ പക്ഷം. കോണ്‍ഗ്രസിനെ തള്ളിയാണ് എന്‍.സി.പി എസ്.പി ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഇന്ത്യാ സഖ്യം ദേശീയ തെരഞ്ഞെടുപ്പിന് മാത്രമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് പ്രാധാന്യമെന്നും ശരദ് പവാര്‍ പറഞ്ഞു. ഇന്ത്യാ സഖ്യത്തില്‍ സംസ്ഥാന-തദ്ദേശ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ശരദ് പവാര്‍ ആം ആദ്മിക്ക് പിന്തുണ അറിയിച്ചത്.

മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 8-10 ദിവസത്തിനുള്ളില്‍ എല്ലാവരും യോഗം ചേര്‍ന്ന് ഒരുമിച്ച് മത്സരിക്കുമോയെന്ന് തീരുമാനിക്കുമെന്നും അല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നുമാണ് ശരദ് പവാര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസും എന്‍.സി.പിയും ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡി സഖ്യത്തിലെ കക്ഷിയായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യത്തില്‍ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു.

അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇന്ത്യാ സഖ്യത്തെ രക്ഷിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്തവും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യാ സഖ്യം പിരിച്ചുവിടാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സഖ്യത്തിനുള്ളില്‍ വിയോജിപ്പ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍.സി.പി ശരദ് പവാര്‍ പക്ഷം ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഫെബ്രുവരി അഞ്ചിന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും.

Content Highlight: Delhi Assembly Elections; NCP rejected Congress and supported Aam Aadmi