Delhi Assembly Election
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി ഇന്ന് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 27, 06:11 am
Monday, 27th January 2025, 11:41 am

ന്യൂദല്‍ഹി: നടക്കാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ ഉച്ചയോടെ പത്രിക പുറത്തിറക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

പ്രകടന പത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി ഓഫീസിലെ ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റി കെജ്‌രിവാളിന്റെ ഗ്യാരണ്ടി എന്ന ബാനറിലാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്.

സാമൂഹിക ക്ഷേമ പദ്ധതികള്‍, തൊഴിലവസരങ്ങള്‍, പൊതുസേവനങ്ങളിലെ മെച്ചപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്നാം തവണയും സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കും പ്രകടന പത്രികയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ പരിഹരിക്കുന്നതിലുള്‍പ്പെടെ സ്വകാര്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കാനുള്ള പദ്ധതികളും പ്രകടന പത്രികയില്‍ പരാമര്‍ശിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനകം തന്നെ പല മേഖലകളെയും ഉള്‍പ്പെടുത്തി എ.എ.പി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. മഹിളാ സമ്മാന്‍ യോജന. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര, സഞ്ജീവനി യോജന തുടങ്ങി പല തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ കേന്ദ്രത്തില്‍ നിന്ന് ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രകടന പത്രിക ഈ മാസം ആദ്യം തന്നെ പുറത്തിറക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ബി.ജെ.പിയും നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

ഫെബ്രുവരി അഞ്ചിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനും നടക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. 70 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

Content Highlight: Delhi Assembly Elections; Aam Aadmi Party will release the election manifesto today