ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി മൂന്നാം തവണയിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ അതോ മനോജ് തിവാരുയുടെ നേതൃത്വത്തില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി ദല്‍ഹി അധികാരത്തിലേക്ക് തിരിച്ചെത്തുമോ എന്ന ഉദ്വേഗം ജനിപ്പിക്കുന്ന ഫലത്തിനായാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്കുനടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും നിര്‍ണായകമായതാണ് ദല്‍ഹി തെരഞ്ഞെടുപ്പ്.
എഴുപത് സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി കാത്തിരിക്കുന്നത്.
ദല്‍ഹി തെരഞ്ഞെടുപ്പിലെ നിര്‍ണായകമായ കാര്യങ്ങള്‍ ഇവയാണ്
1) പ്രചാരണ രംഗത്ത് ബി.ജെ.പി ഒട്ടും പിന്നിലല്ലായിരുന്നു എന്നത് ആംആദ്മി കേന്ദ്രങ്ങളില്‍ പോലും ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് സൂചന. ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ വിമര്‍ശിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചരണങ്ങള്‍ എന്നത് ദല്‍ഹിക്കപ്പുറത്തേക്കും തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്. അമിത് ഷാ, നരേന്ദ്ര മോദി, ജെ.പി നദ്ദ തുടങ്ങി ബി.ജെ.പിയില്‍ നിന്നുള്ള മിക്ക സംസ്ഥാന മുഖ്യമന്ത്രികളും ദല്‍ഹിയില്‍ വോട്ട് തേടി രംഗത്തെത്തിയിരുന്നു.
വികസനം, വിദ്യാഭ്യാസം, വൈദ്യുതി, ജലം എന്നീ പദ്ധതികളിലൂന്നിയായിരുന്നു ആംആദ്മിയുടെ പ്രചരണം. പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളും ദേശീയതയും കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചരണം. കെജ്രിവാളിന് മുമ്പായി മൂന്ന് തവണ ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് പ്രത്യക്ഷത്തില്‍ വലിയ മത്സരം കാഴ്ചവെച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
2) ബി.ജെ.പി പ്രചരണം കൊഴുപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും എക്‌സിറ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. വിജയം ആം ആദ്മിക്ക് ഒപ്പമായിരിക്കുമെന്നാണ് വോട്ടെടുപ്പിന് പിന്നാലെ ശനിയാഴ്ച പുറത്തുവിട്ട എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. 1998-2013 കാലഘട്ടത്തില്‍ തുടര്‍ച്ചയായ ഭരണമുണ്ടായിരുന്ന ഇടങ്ങളില്‍പോലും കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ലെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും. ആം ആദ്മി പാര്‍ട്ടി 59-68 സീറ്റുകളും ബി.ജെ.പി 2-11 സീറ്റുകളും നേടുമെന്ന് ഇന്ത്യ ടുഡേ-മൈ ആക്‌സിസ് ഇന്ത്യ സര്‍വേ പ്രവചിക്കുന്നു.
3) ദല്‍ഹിയിലെ 1.47 കോടി വോട്ടര്‍മാരില്‍ 62.9 ശതമാനം പേര്‍ 13,780 പോളിംഗ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ബാലിമാരന്‍ നിയോജകമണ്ഡലത്തിലാണ്. ദല്‍ഹി കന്റോണ്‍മെന്റ് പോളിംഗ് ശതമാനത്തില്‍ പിന്നിലാണെന്ന് ഞായറാഴ്ച ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒഖ്ല നിയോജകമണ്ഡലത്തില്‍ 58.84 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇവിടെയാണ് ഷാഹീന്‍ ബാഗും ജാമിയ നഗറും. പ്രക്ഷോഭം സജീവമായി നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താന്‍ ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ ശനിയാഴ്ച പോളിംഗ് ബൂത്തിലെത്തിയിരുന്നു.
4) ഇ.വി.എമ്മുകളുടെ സുരക്ഷയ്ക്കെതിരെ വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഞായറാഴ്ച അരവിന്ദ് കെജ്രിവാള്‍ ഇ.വി.എമ്മുകളുടെ സമഗ്രതയെക്കുറിച്ച് സംശയം ഉന്നയിക്കുകയും വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമായ കേന്ദ്രങ്ങള്‍ക്ക് പുറത്ത് അനധികൃതമായി സൂക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്തിമ വോട്ടിംഗ് ശതമാനത്തിലെ കാലതാമസത്തെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനം നടത്തി കാലതാമസം വിശദീകരിക്കുകയും ഇ.വി.എമ്മുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
5) ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെങ്കിലും ബി.ജെ.പി കടുത്ത ആത്മവിശ്വാസത്തിലാണ്. 70 അംഗ നിയമസഭയില്‍ 45 ഓളം സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി ഉറപ്പിച്ച് പറയുന്നു. സമഗ്രമായ വിശകലനത്തിന് ശേഷം മിക്ക സീറ്റുകളിലും ബി.ജെ.പി ആം ആദ്മി പാര്‍ട്ടിയെക്കാള്‍ മുന്നിലാണെന്ന് ദല്‍ഹി ബി.ജെ.പിയുടെ മാധ്യമ മേധാവി നീല്‍കാന്ത് ബക്ഷിയും അവകാശപ്പെട്ടു. അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ വിജയം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.
6) വോട്ടെണ്ണലിനായി നഗരത്തെ വടക്ക്, വടക്ക്-പടിഞ്ഞാറ്, വടക്ക്-കിഴക്ക്, ഷഹദാര, കിഴക്ക്, പടിഞ്ഞാറ്, മധ്യ, തെക്ക്, തെക്ക്-പടിഞ്ഞാറ്, തെക്ക്-കിഴക്ക്, ന്യൂദല്‍ഹി എന്നിങ്ങനെ 11 മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോന്നിനും, ഒന്നോ അതിലധികമോ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടുകള്‍ ഉള്‍ക്കൊള്ളുന്നു. കിഴക്കന്‍ ദല്‍ഹിയിലെ സി.ഡബ്ല്യു.ജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പശ്ചിമ ഡെല്‍ഹിയിലെ എന്‍എസ്ഐടി ദ്വാരക, തെക്കുകിഴക്കന്‍ ദല്‍ഹിയിലെ മീരാബായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ജിബി പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സര്‍ സി.വി രാമന്‍ ഐ.ടി.ഐ, സെന്‍ട്രല്‍ ഡെല്‍ഹിയിലെ ധീര്‍പൂര്‍, നോര്‍ത്ത് ദില്ലിയിലെ ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
7) കര്‍ശനമായ സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ന്യായമായ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 33 കൗണ്ടിംഗ് നിരീക്ഷകരെ വിന്യസിപ്പിച്ചിട്ടുണ്ട്.
8) ന്യൂദല്‍ഹി, ദ്വാരക, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളില്‍ വലിയ പോരാട്ടങ്ങളാണ് നടന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിജെപിയുടെ സുനില്‍ യാദവും ഇവിടെ ശക്തമായ പ്രചരണങ്ങളാണ് കാഴ്ചവെച്ചത്. ദ്വാരകയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് വിനയ് കുമാര്‍ മിശ്ര ആംആദ്മി ടിക്കറ്റില്‍ മത്സരിച്ചു. കോണ്‍ഗ്രസ് സീറ്റില്‍ അല്‍ക ലാംബ എത്തിയതിനാല്‍ ചാന്ദ്നി ചൗക്കിലും ഫലം നിര്‍ണായകമാവും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ