">
240 എം.പിമാരും 70 കേന്ദ്രമന്ത്രിമാരും; അമിത് ഷായുടെ പാളിപ്പോയ ദല്‍ഹി തന്ത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേവലം ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം മാത്രമല്ല. രാജ്യതലസ്ഥാനത്തെ ആര് ഭരിക്കുന്നു എന്നതിന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതിനേക്കാളുപരി വലതുപക്ഷമാധ്യമങ്ങള്‍ രാഷ്ട്രീയചാണക്യന്‍ പദവി കല്‍പ്പിച്ച് നല്‍കിയ അമിത് ഷായ്‌ക്കേല്‍ക്കുന്ന തുടര്‍ച്ചയായ തിരിച്ചടി കൂടി പരിശോധിക്കേണ്ടതുണ്ട്.

ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് ഇപ്പോള്‍ ദല്‍ഹി. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ദല്‍ഹിയിലും ബി.ജെ.പിയ്ക്ക് തിരിച്ചടിയേല്‍ക്കുന്നുവെന്നത് പാര്‍ട്ടിയ്ക്കും അമിത് ഷായ്ക്കും ശുഭസൂചനയല്ല.

പാര്‍ട്ടിയെ നയിക്കുന്നത് സാങ്കേതികമായി ജെ.പി നദ്ദയാണെന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ബി.ജെ.പി നില മെച്ചപ്പെടുത്തിയെന്നതും ശരിയായിരിക്കാം. എന്നാല്‍ രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ കയറിയതുമുതല്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ചരടുവലിക്കുന്ന അമിത് ഷാ ദല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റാലികളും പ്രചരണത്തിനായി തെരഞ്ഞെടുത്ത നേതാക്കളും ഈ തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഒരു നിര്‍ണായകഘട്ടമായി കണ്ടിരുന്നു എന്ന് വിളിച്ചുപറയുന്നുണ്ട്.

അരവിന്ദ് കെജ്രിവാളിനെ വ്യക്തിപരമായി ആക്രമിച്ച് പ്രചരണറാലികളില്‍ വിദ്വേഷം പരത്താന്‍ അമിത് ഷാ മുന്നിലുണ്ടായിരുന്നു. നരേന്ദ്രമോദിയേക്കൂടാതെ വിജയ് രൂപാനി, ദേവേന്ദ്ര ഫഡ്‌നാവിസ്, ബിപ്ലബ് ദേബ്, ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങി മുഖ്യമന്ത്രിമാരും മുന്‍മുഖ്യമന്ത്രിമാരും സജീവമായി ദല്‍ഹിയില്‍ ക്യാംപ് ചെയ്തതും അമിത് ഷായുടെ നിര്‍ദ്ദേശത്തിലായിരുന്നു.

യോഗി ആദിത്യനാഥ് വിദ്വേഷപ്രചരണവുമായി രണ്ട് ദിവസം ദല്‍ഹിയിലുണ്ടായിരുന്നു. 240 എം.പിമാരും 70 കേന്ദ്രമന്ത്രിമാരും ദല്‍ഹിയില്‍ വോട്ട് തേടിയിറങ്ങിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ കളം മാറുകയാണ്.

എല്ലാ തെരഞ്ഞെടുപ്പുകളിലേയും പോലെ മതവിദ്വേഷവും വര്‍ഗീയതയുമായിരുന്നു ബി.ജെ.പിയുടെ പ്രചരണായുധം. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് അമിത് ഷാ തന്നെ പറഞ്ഞു. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്ന് ഒരു കേന്ദ്രമന്ത്രി തെരഞ്ഞെടുപ്പ് റാലികളില്‍ ആക്രോശിച്ചു.

അന്യമതവിദ്വേഷം വര്‍ഗീയതയും ആളിക്കത്തിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി ക്ഷെ വികസനത്തിലും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഹിന്ദുത്വ അജണ്ട അതിവേഗം നടപ്പിലാക്കുന്ന ബി.ജെ.പി സര്‍ക്കാരിന് പ്രത്യേകിച്ച് ഷാ-മോദി കൂട്ടുകെട്ടിന് നേരിട്ട് തിരിച്ചടിയേല്‍ക്കുകയാണ്. കശ്മീര്‍, അയോധ്യ, പൗരത്വഭേദഗതി നിയമം… ഓരോ തവണയും അനീതി നേരിടുന്നു എന്ന് തിരിച്ചറിയുന്ന ഒരു ജനതയ്‌ക്കൊപ്പമാണ് രാജ്യത്തെ ഭൂരിപക്ഷം ജനത. ജെ.എന്‍.യുവും, ജാമിഅയും ഷാഹിന്‍ബാഗും തുടങ്ങിയ പോരാട്ടം തെരഞ്ഞെടുപ്പ് കളത്തിലേക്ക് കൂടി പടരുകയാണ്.

കുതികാല്‍ വെട്ടിലൂടെയും വിലപേശലിലൂടെയും ബി.ജെ.പി വളര്‍ത്തിയെടുത്ത സംസ്‌കാരത്തിനുള്ള മറുപടി എതിര്‍പാര്‍ട്ടിയ്ക്ക് നല്‍കുന്ന വലിയ വോട്ടുകള്‍ തന്നെയാണ് എന്നാണ് ദല്‍ഹി ജനത വീണ്ടും വിളിച്ചുപറയുന്നത്.