പുകപടലങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ് രാജ്യതലസ്ഥാനം. എവിടെ നോക്കിയാലും പുക. അതിരൂക്ഷമായ വായുമലിനീകരണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദല്‍ഹി ജനതയെ മരണത്തിലേക്ക് വിട്ടുകൊടുക്കുകയാണെന്ന് അവസാനം സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നു.
എന്താണ് ദല്‍ഹിയില്‍ സംഭവിക്കുന്നത്? പുക പടലങ്ങള്‍ കൊണ്ട് നിറഞ്ഞ രാജ്യതലസ്ഥാനത്തെക്കുറിച്ച് മലയാളിയും ദല്‍ഹി മയൂര്‍വിഹാര്‍ നിവാസിയുമായ സഹല്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
ദല്‍ഹിയിലെ ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അടച്ചിട്ട മുറികളില്‍ പോലും അവര്‍ സുരക്ഷിതരല്ല. സമീപ പ്രദേശങ്ങളില്‍ വിളയുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് പുകക്ക് കാരണമെന്ന് പറയുന്നു.
എല്ലാവര്‍ഷവും ഇത് തന്നെയാണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനെതിരെ ഒരു നടപടിയുമെടുക്കാത്തത്. ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് കര്‍ശന നടപടിയുണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളോട് വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തലാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിള മാലിന്യങ്ങള്‍ എന്തുചെയ്യണമെന്ന മറുചോദ്യവുമുണ്ട്. മറ്റേതെങ്കിലും രീതിയില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതല്ല.
ബന്ധപ്പെട്ട സംസ്ഥാന ഭരണകൂടം തന്നെയാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്.
അതേസമയം അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദല്‍ഹിയില്‍ 40 ശതമാനം ജനങ്ങളും നഗരം വിട്ടുപോകാനാഗ്രഹിക്കുന്നുവെന്ന പഠനറിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സര്‍വേ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ തങ്ങളേയും കുടംുബങ്ങളേയും എങ്ങിനെ ബാധിച്ചുവെന്നും ജനങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 44 ശതമാനം പേര്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയുന്നു.